സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി; ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തി, പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സ്കൂളിന്റെ ശോചനീയാവസ്ഥ പുറത്തുകൊണ്ടുവന്ന സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ അക്രമികൾ വീട്ടിൽ കയറി കൊലപ്പെടുത്തി. സി.ജെ.പി വളണ്ടിയറായ ഷെയ്ഖ് അബ്‌ദുൾ ഹഫീസിൻ്റെ പിതാവ് ജനാബ് മാഫിക് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.ജെ.പി നേതൃത്വം ആരോപിച്ചു.
സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ കാമ്പെയ്‌നിൻ്റെ ഭാഗമായി അബ്‌ദുൾ ഹഫീസ് പ്രദേശത്തെ ഒരു സ്കൂളിന്റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിനും കൊലപാതകത്തിനും കാരണമായതെന്ന് പാർട്ടി വ്യക്തമാക്കി. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.
സർവേ നടത്തിയതിന്റെ പേരിൽ തന്നെ ചിലർ മർദിച്ചുവെന്ന് കാണിച്ച് അബ്ദുൽ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി അനുകൂലികളായ നൂറ്റി അൻപതോളം വരുന്ന ആളുകൾ അബ്ദുലിന്റെ വീട് വളയുകയും കുടുംബത്തെ പുറത്തിറങ്ങാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സി.ജെ.പി അംഗമായ രത്ന സിംഗ് പറഞ്ഞു. ഈ ആക്രമണത്തിലാണ് പിതാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമം നടന്ന സമയത്ത് കുടുംബത്തിന് മതിയായ സംരക്ഷണം നൽകുന്നതിൽ പശ്ചിമ ബംഗാൾ പോലീസ് പരാജയപ്പെട്ടുവെന്നും ഇതിൽ പോലീസിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും അവർ കുറ്റപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ അബ്ദുലിന്റെ കുടുംബത്തെ സഹായിക്കാൻ മുതിർന്ന അഭിഭാഷകർ മുന്നോട്ട് വരണമെന്നും രത്ന സിംഗ് അഭ്യർത്ഥിച്ചു..
കുടുംബത്തിന് നീതി ഉറപ്പാക്കാനായി സി.ജെ.പിയുടെ പ്രത്യേക സംഘം ഉടൻ പശ്ചിമ ബംഗാൾ സന്ദർശിക്കുമെന്ന് അഭിജിത് ദീപ്കെ അറിയിച്ചു. അക്രമം കൊണ്ട് തങ്ങളെ നിശബ്‌ദരാക്കാമെന്ന് കരുതേണ്ടെന്നും, മെച്ചപ്പെട്ട സ്കൂളുകൾക്കായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.