6 ലക്ഷം റേഷൻ കാർഡുകൾ സർക്കാർ മരവിപ്പിക്കും; ഈ കാർഡ് ഉടമകൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ ‘സ്മാർട്ട് പിഡിഎസ്’ പദ്ധതി അടുത്ത മാസത്തോടെ നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് 6 ലക്ഷത്തിലധികം റേഷൻ കാർഡുകൾ റദ്ദാകാൻ സാധ്യത. തുടർച്ചയായി 6 മാസത്തിലധികം റേഷൻ വാങ്ങാത്ത കാർഡുകളാണ് പ്രാഥമികമായി മരവിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കാർഡുകളിൽ മാത്രമായി 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്.
പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൻ്റെ നവീകരണവും ഡിജിറ്റലൈസേഷനും ലക്ഷ്യമിടുന്ന സ്മാർട്ട് പിഡിഎസ് നടപ്പിലാക്കാൻ 2024-ലാണ് കേരളം ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കേന്ദ്രീകൃത സംവിധാനത്തിലൂടെ വിതരണം നിരീക്ഷിക്കുന്ന പദ്ധതിയാണിത്.
നടപടിയുടെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് തുടങ്ങിയ മുൻഗണനാ വിഭാഗത്തിൽപ്പെട്ട (AAY, PHH) കാർഡുകൾക്കെതിരെയാകും നടപടി. സംസ്ഥാനത്ത് ഈ വിഭാഗത്തിൽ റേഷൻ വാങ്ങാത്ത 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണ് വിവരം. നീല, വെള്ള, ബ്രൗൺ എന്നീ മുൻഗണനേതര വിഭാഗങ്ങളിൽ 5.6 ലക്ഷത്തിലധികം കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്.
കാർഡുകൾ മരവിപ്പിച്ചാൽ 3 മാസത്തിനകം അംഗങ്ങൾ ഇ-കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ. ഒന്നിലധികം സംസ്ഥാനങ്ങളിൽ പേരുള്ള വ്യക്തികളെ കണ്ടെത്താനും സംവിധാനത്തിലൂടെ സാധിക്കും. ഇങ്ങനെയുള്ളവർ ഇ-കെവൈസി പൂർത്തിയാക്കി ഒരു കാർഡിലെ പേര് നിലനിർത്തി മറ്റുള്ളവയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.