09/09/2026
[fontresizer_tawhidurrahmandear_widget]

‘പഞ്ചാബിൽ വെട്ടിയ രാഘവ് ചദ്ദയുടെ പേര് ഡൽഹി വോട്ടർപട്ടികയിൽ തിരുകിക്കയറ്റി’; നടപടി ചോദ്യം ചെയ്ത് ആം ആദ്മി; വേട്ടയാടുകയാണെന്ന് ചദ്ദ

 ‘പഞ്ചാബിൽ വെട്ടിയ രാഘവ് ചദ്ദയുടെ പേര് ഡൽഹി വോട്ടർപട്ടികയിൽ തിരുകിക്കയറ്റി’; നടപടി ചോദ്യം ചെയ്ത് ആം ആദ്മി; വേട്ടയാടുകയാണെന്ന് ചദ്ദ

ന്യൂഡൽഹി: പഞ്ചാബിലെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത രാഘവ് ചദ്ദയുടെ പേര് ഡൽഹി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കടുക്കുന്നു. നിലവിലെ എസ്.ഐ.ആർ നടപടികൾക്കിടെ തികച്ചും ചട്ടവിരുദ്ധമായാണ് ഡൽഹിയിലെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് തിരുകിക്കയറ്റിയതെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) രംഗത്തെത്തി.

എന്നാൽ, താൻ പാർട്ടി വിട്ടതുമുതൽ അരവിന്ദ് കെജ്‌രിവാളും എ.എ.പിയും തന്നെ നിരന്തരം രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് രാഘവ് ചദ്ദ തിരിച്ചടിച്ചു. പഞ്ചാബിൽ നിന്ന് പേര് ഒഴിവാക്കിയതിന് ശേഷം സാധാരണ വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമങ്ങളിലൂടെയാണ് ഡൽഹി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ചേർത്തതെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ രാജേന്ദ്ര നഗർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഈ നടപടിയുണ്ടായതെന്ന് എ.എ.പി നേതാക്കൾ ആരോപിക്കുന്നു.

ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം പ്രസ്തുത പോളിങ് ഏരിയയിൽ ആകെ 746 വോട്ടർമാരാണുണ്ടായിരുന്നതെന്നും, ഇതിലേക്ക് 747-ാമതായി ചദ്ദയുടെ പേര് തിരുകിക്കയറ്റുകയായിരുന്നുവെന്നും ഡൽഹി എ.എ.പി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയുണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, എസ്.ഐ.ആർ നടപടികൾക്കിടയിലും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും പരിഗണിക്കുന്നതും സ്വാഭാവികമായ കാര്യമാണെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയം അറിയിച്ചു.

ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ പൂർണമായും തള്ളിയ രാഘവ് ചദ്ദ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടാണ് താൻ അപേക്ഷ നൽകിയതെന്ന് വ്യക്തമാക്കി. അഴിമതി നിറഞ്ഞ ആം ആദ്മി പാർട്ടി വിട്ടതുമുതൽ അതിന്റെ നേതൃത്വത്തിന് അത് സഹിക്കാൻ കഴിയുന്നില്ലെന്നും, തന്നെ ഉപേക്ഷിച്ചുപോയ ഒരാളോട് പകയുള്ള മുൻ പ്രണയിനിയെപ്പോലെയാണ് കെജ്‌രിവാളും എ.എ.പിയും പെരുമാറുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വോട്ടർ പട്ടികയെയും പാർട്ടിയുടെ അംഗത്വ പട്ടികയെയും എ.എ.പി ഒന്നായി കാണുകയാണെന്നും, തങ്ങളെ എതിർക്കുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് തന്നെ പുറത്താക്കാനാണ് അവർ ശ്രമിക്കുന്നതെന്നും രാഘവ് ചദ്ദ കൂട്ടിച്ചേർത്തു.

Also read: