പ്രതിദിനം 480 ലിറ്റർ പാൽ, മാസം ഒരുലക്ഷം ലാഭം; പ്രതിസന്ധികളെ മറികടന്ന് ആധുനിക ഡയറി ഫാമിങ്ങിലൂടെ വിജയം കൊയ്ത് പ്രവാസി ദമ്പതികൾ
കൊല്ലം: കാലിത്തീറ്റവില വർധനവും അപ്രതീക്ഷിത രോഗബാധയും കാരണം പലരും പശുവളർത്തൽ ഉപേക്ഷിക്കുമ്പോൾ, ഡയറി ഫാമിലൂടെ മാസം ഒരുലക്ഷം രൂപ ലാഭം കൊയ്ത് മാതൃകയാവുകയാണ് കൊല്ലം അഞ്ചലിനടുത്ത് ഇടമുളയ്ക്കൽ മഠത്തിൽ വീട്ടിൽ സിദ്ദിഖും ഭാര്യ ഫാത്തിമയും. 2021-ൽ കോവിഡ് കാലത്ത് റാസൽഖൈമയിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഇവർ പ്രതിസന്ധികളോട് പൊരുതിയാണ് ഈ നേട്ടം കൈവരിച്ചത്.
ആദ്യം വാങ്ങിയ പശു മൂന്നു മാസത്തിനുള്ളിൽ ചത്തുപോയി 80,000 രൂപയുടെ നഷ്ടം സംഭവിച്ചെങ്കിലും ദമ്പതികൾ പിന്മാറിയില്ല. വീണ്ടും പശുക്കളെ വാങ്ങി ഘട്ടംഘട്ടമായി ഫാം വിപുലീകരിക്കുകയായിരുന്നു. നിലവിൽ 40 പശുക്കളും 11 കുട്ടികളുമടങ്ങുന്ന ആധുനിക ഫാമിൽ 35 കറവപ്പശുക്കളും 5 ചെനപ്പശുക്കളുമുണ്ട്. 3 ഏക്കറിൽ സിഒ3 ഇനത്തിൽപെട്ട പുൽക്കൃഷിയും സ്വന്തമായി ബയോഗ്യാസ് പ്ലാന്റും ഫാമിലുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച തൊഴുത്താണ് ഇവരുടെ വിജയരഹസ്യം. ഫോഗറുകൾ, ഫാനുകൾ, റബർ മാറ്റ്, ശുദ്ധജലത്തിനായുള്ള സ്വയം നിയന്ത്രിത സംവിധാനം, തൊഴുത്ത് വൃത്തിയാക്കാനുള്ള പമ്പ്, പുല്ല് അരിയുന്ന കട്ടർ, ഈച്ചകളെ നിയന്ത്രിക്കുന്ന പ്രത്യേക ലൈറ്റ് എന്നിവ തൊഴുത്തിലുണ്ട്. മഴ നനയാതെ ചാണകം ഉണക്കി വിൽക്കാൻ കഴിയുന്ന പ്രത്യേക ചരിവുള്ള മേൽക്കൂരയോടു കൂടിയ സംവിധാനവും മലിനജലത്തിനായി പ്രത്യേക ടാങ്കും സ്ഥാപിച്ചിരിക്കുന്നു.
പ്രസവ ശേഷം 70 ദിവസം വരെ ഉയർന്ന ഊർജവും പ്രോട്ടീനുമടങ്ങിയ സമീകൃത കാലിത്തീറ്റയാണ് നൽകുന്നത്. പരുത്തിപ്പിണ്ണാക്ക്, ചോളപ്പൊടി, 10 കിലോ സൈലേജ്, പച്ചപ്പുല്ല് എന്നിവയും നൽകുന്നു. പ്രതിദിനം 480 ലിറ്റർ പാൽ ലഭിക്കുന്നതിൽ 250 ലിറ്റർ പ്രാദേശികമായി 65 രൂപ നിരക്കിലും, 230 ലിറ്റർ ക്ഷീരസംഘത്തിൽ 49 രൂപ നിരക്കിലും വിൽക്കുന്നു. പ്രതിദിനം 27,500 രൂപയുടെ വിറ്റുവരവുണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞ് മാസം ഒരുലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ടെന്ന് ദമ്പതികൾ പറയുന്നു. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന വനിതാ കർഷകയ്ക്കുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഫാത്തിമയെ തേടിയെത്തിയിട്ടുണ്ട്.