20/10/2026
[fontresizer_tawhidurrahmandear_widget]

ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ദീർഘായുസ്സ് ആഘോഷമാക്കുമ്പോഴും കടുത്ത ജനസംഖ്യാ പ്രതിസന്ധിയിൽ രാജ്യം

 ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ദീർഘായുസ്സ് ആഘോഷമാക്കുമ്പോഴും കടുത്ത ജനസംഖ്യാ പ്രതിസന്ധിയിൽ രാജ്യം

ടോക്യോ: കായികക്ഷമതയിലും ആയുർദൈർഘ്യത്തിലും പുതിയ ചരിത്രമെഴുതി ജപ്പാൻ. ഔദ്യോഗിക കണക്കുകൾ പ്രകാരം ജപ്പാനിൽ നൂറോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നിരിക്കുകയാണ്. ആരോഗ്യ-തൊഴിൽ-ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം ഈ വർഷം രാജ്യത്ത് ശതാബ്‌ധിപൂർണ്ണരായവരുടെ എണ്ണം റെക്കോർഡ് നേട്ടമായ 1,07,677 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7,914 പേരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ 56-ാമത്തെ വർഷമാണ് നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ഈ വർധനവ് രേഖപ്പെടുത്തുന്നത്. ഈ റെക്കോർഡ് സംഖ്യയിൽ 88 ശതമാനത്തോളം പേരും (87,784 പേർ) സ്ത്രീകളാണെന്നതും ഏറെ ശ്രദ്ധേയമാണ്.

മികച്ച വൈദ്യശാസ്ത്ര പുരോഗതിയും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ജനങ്ങളുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെന്നിചിറോ ഉയെനോ വ്യക്തമാക്കി. മത്സ്യം, പച്ചക്കറികൾ, അരി എന്നിവ ധാരാളമായി ഉൾപ്പെടുത്തിയുള്ളതും പൂരിത കൊഴുപ്പ് കുറഞ്ഞതുമായ പരമ്പരാഗത ജാപ്പനീസ് ഭക്ഷണക്രമമാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പൊണ്ണത്തടി നിരക്ക്, ചിട്ടയായ വ്യായാമം, നടത്തം, സൈക്ലിംഗ്, ദീർഘദൂര പൊതുഗതാഗത ഉപയോഗം എന്നിവയും ജപ്പാൻകാരുടെ ദീർഘായുസ്സിന് കാരണമാകുന്ന ഘടകങ്ങളാണ്. സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളിലുണ്ടായ ഈ പുരോഗതി മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് കാരണമായെന്നും ഇത് മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്നും ലോകാരോഗ്യ സംഘടനയും വിലയിരുത്തുന്നു.

എന്നാൽ ഈ ദീർഘായുസ്സ് ആഘോഷമാക്കുമ്പോഴും കനത്ത ജനസംഖ്യാ അസന്തുലിതാവസ്ഥയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. രാജ്യത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും ജനനനിരക്ക് സർവകാല റെക്കോർഡ് താഴ്ചയിലാണ്. 2025-ൽ ജപ്പാന്റെ ഫെർട്ടിലിറ്റി നിരക്ക് റെക്കോർഡ് തകർച്ചയായ 1.14 ലേക്ക് വീണു. കുടിയേറ്റമില്ലാതെ ഒരു രാജ്യത്തെ ജനസംഖ്യ സ്ഥിരമായി നിലനിർത്താൻ ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞത് 2.1 എങ്കിലും ആയിരിക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്. ആളുകൾ വിവാഹം കഴിക്കാൻ മടിക്കുന്നതും, വൈകി വിവാഹം കഴിക്കുന്നതും ജനനനിരക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക അരക്ഷിതാവസ്ഥ, കുറഞ്ഞ വേതനം, കഠിനമായ ജോലി സമയം എന്നിവ കാരണം ഒരു കുടുംബം കെട്ടിപ്പടുക്കാൻ യുവാക്കൾ വിമുഖത കാണിക്കുന്നതായും സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

വാർദ്ധക്യം പ്രാപിക്കുന്ന ഒരു സമൂഹത്തെ താങ്ങിനിർത്താൻ ജോലി ചെയ്യുന്ന യുവാക്കളുടെ എണ്ണം കുറയുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. നികുതിദായകരുടെ എണ്ണം കുറയുമ്പോൾ പെൻഷൻ, ആരോഗ്യപരിപാലനം, വയോജന സംരക്ഷണം എന്നിവയ്ക്കുള്ള സർക്കാർ ചെലവുകൾ കുത്തനെ ഉയരുകയാണ്. ജപ്പാന്റെ പൊതു കടം നിലവിൽ ജിഡിപിയുടെ 207 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. ഈ പ്രവണത രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി സനേ തകൈചി ഉൾപ്പെടെയുള്ളവർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. നിർമാണം, കൃഷി, ഗതാഗതം, ആരോഗ്യം തുടങ്ങിയ വിവിധ നിർണായക മേഖലകളിൽ ഇതിനോടകം തന്നെ കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഇതിന് പരിഹാരമായി റോബോട്ടിക്സ്, ഓട്ടോമേറ്റഡ് സംവിധാനങ്ങൾ എന്നിവയിലാണ് കമ്പനികൾ ഇപ്പോൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്.

തൊഴിൽ തേടി യുവാക്കൾ നഗരങ്ങളിലേക്ക് കൂടുതലായി കുടിയേറുന്നതിനാൽ ഗ്രാമപ്രദേശങ്ങളിലെ വയോധികർ ആവശ്യത്തിന് ജോലിക്കാരില്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ വിവിധ ശിശുസംരക്ഷണ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. തൊഴിലാളി ക്ഷാമം പരിഹരിക്കാനും ജനസംഖ്യാ സ്ഥിരത കൈവരിക്കാനും കുടിയേറ്റം ഒരു പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, ജപ്പാനിൽ രാഷ്ട്രീയമായി അതൊരു വലിയ വിവാദ വിഷയമായി തുടരുകയാണ്.

Also read: