‘മറ്റൊരു എസ്ഐആർ ആകരുത്, സെൻസസ് ചട്ട ഭേദഗതി പിൻവലിക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച് എം.എ ബേബി
ന്യൂഡല്ഹി: സെൻസസ് ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ പിൻവലിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. എയ്ഡഡ്-അൺഎയ്ഡഡ് സ്വകാര്യ അധ്യാപകർ, ബാങ്ക് ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർ എന്നിവർക്ക് പുറമെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുയോജ്യമെന്ന് തോന്നുന്ന ഏതൊരു വ്യക്തിയെയും സെൻസസ് ഉദ്യോഗസ്ഥരായി (എന്യൂമറേറ്റർ) നിയമിക്കാമെന്ന പുതിയ ചട്ടമാണ് കത്തിൽ പ്രധാന ആശങ്കയായി ചൂണ്ടിക്കാണിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഭരണകൂടങ്ങൾക്ക് ഇത്തരം വിവേചനാധികാരം നൽകുന്നത് ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ നിയമനങ്ങൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെൻസസ് നടപടികൾ പൗരന്മാരെ നിരീക്ഷിക്കാനോ, പൗരത്വം നിർണ്ണയിക്കാനോ, തzരഞ്ഞെടുപ്പിൽ നിന്ന് ആളുകളെ ഒഴിവാക്കാനോ ഉള്ള ഉപാധിയാക്കി മാറ്റരുതെന്നും, ഇതൊരു എസ്ഐആർ ആയി മാറാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപുറമെ, മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാസ്പോർട്ട്, മൊബൈൽ നമ്പർ തുടങ്ങിയ ഒട്ടേറെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് 2026 ഓഗസ്റ്റ് 14-ന് പുറത്തിറക്കിയ രണ്ടാം ഘട്ട ചോദ്യാവലിയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് സി.പി.എം ഓഗസ്റ്റ് 24-ന് രജിസ്ട്രാർ ജനറലിന് പരാതി നൽകിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
സ്വകാര്യ വിവരങ്ങൾ വലിയ തോതിൽ ശേഖരിക്കുന്നത് ആശങ്കാജനകമാണെന്നും ഭേദഗതികൾ എത്രയും വേഗം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.