എ.ഐ ക്യാമറയോടുള്ള പേടി പോയോ? ചുമത്തിയ പിഴ 1000 കോടി കടന്നു; കിട്ടാനുള്ളത് 635 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ ‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ.ഐ ക്യാമറകൾ വഴി കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക 1000 കോടി രൂപ കടന്നു. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള 675 എ.ഐ ക്യാമറകളിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒന്നരക്കോടിയോളം ആളുകൾക്കെതിരെയാണ് ഇത്രയും തുക പിഴ ചുമത്തിയത്. എന്നാൽ ഇതിൽ 365 കോടി രൂപ മാത്രമാണ് ഇതുവരെ സർക്കാരിലേക്ക് അടച്ചിട്ടുള്ളത്. ബാക്കി 635 കോടി രൂപ ഇനിയും പിഴയിനത്തിൽ സർക്കാരിലേക്ക് ലഭിക്കാനുണ്ട്.
220 കോടി രൂപയോളം ചെലവഴിച്ചാണ് സംസ്ഥാനത്ത് എ.ഐ ക്യാമറ പദ്ധതി നടപ്പിലാക്കിയത്. 2023 ജൂൺ മുതൽ ക്യാമറകൾ വഴിയുള്ള നിരീക്ഷണം ആരംഭിക്കുകയും ജൂലൈ മുതൽ നിയമലംഘകർക്ക് ഇ-ചലാൻ വഴി പിഴ അയച്ചു തുടങ്ങുകയും ചെയ്തു. പിഴയൊടുക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും, പദ്ധതിക്ക് ചെലവായ തുകയേക്കാൾ ഒന്നരയിരട്ടി അധികം തുക ഇതിനോടകം ഖജനാവിലേക്ക് എത്തിയെന്നാണ് മോട്ടോർ വാഹന വകുപ്പും പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ അധികൃതരും വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴയാണ് നിയമലംഘകർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം 922 കോടി രൂപയായിരുന്നു ആകെ പിഴത്തുക.
എ.ഐ ക്യാമറകൾ വന്നതോടെ ആളുകൾ കൂടുതൽ ജാഗ്രതയോടെ വാഹനമോടിക്കാൻ തുടങ്ങിയെന്നും, ഇത് അപകടമരണങ്ങളിൽ 15 മുതൽ 20 ശതമാനം വരെ കുറവുണ്ടാക്കിയെന്നും മോട്ടോർ വാഹന വകുപ്പ് വിലയിരുത്തുന്നു. സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണത്തിൽ ഏഴ് ശതമാനത്തോളം വർദ്ധനവുണ്ടായ ഘട്ടത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. അതേസമയം, പിഴ തുക പൂർണ്ണമായി പിരിച്ചെടുക്കുന്നതിനായി ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. കുടിശ്ശികയുള്ള 635 കോടി രൂപ ഈടാക്കാനുള്ള തുടർനടപടികളിലാണ് അധികൃതർ.