‘സ്കൂൾ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം, 11 മുതൽ 3 വരെ പ്രത്യേകം ശ്രദ്ധിക്കുക’: ജാഗ്രതാ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സ്കൂളുകൾക്കും കുട്ടികൾക്കും പ്രത്യേക നിയന്ത്രണം
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. വിദ്യാർഥികൾക്ക് വെയിലേൽക്കുന്ന രീതിയിലുള്ള സ്കൂൾ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. വിനോദസഞ്ചാരത്തിന് പോകുന്ന സ്കൂളുകൾ 11-3 സമയത്തിനിടയിൽ കുട്ടികൾക്ക് നേരിട്ട് ചൂടേൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടി കുട്ടികളുടെ കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും ശുദ്ധമായ കുടിവെള്ളവും പരീക്ഷാ ഹാളുകളിൽ ജലലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രധാന നിർദേശങ്ങൾ:
- പാനീയങ്ങളും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ORS, സംഭാരം എന്നിവ ഉപയോഗിക്കുക. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം.
- വസ്ത്രധാരണം: അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പുറത്തിറങ്ങുമ്പോൾ ചെരുപ്പും ഉപയോഗിക്കുക. കുടയോ തൊപ്പിയോ കരുതുന്നത് നല്ലതാണ്.
- ജോലി സമയക്രമീകരണം: നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയത്തിൽ മാറ്റം വരുത്തണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പോലീസുകാർ എന്നിവർ വെയിലേൽക്കാതെ ശ്രദ്ധിക്കുകയും ഇടവേളകളിൽ വിശ്രമിക്കുകയും വേണം.
- മുൻകരുതലുകൾ: കിടപ്പുരോഗികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ എന്നിവർ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്. പൊതുപരിപാടികളും സമ്മേളനങ്ങളും ഈ സമയത്ത് കഴിവതും ഒഴിവാക്കണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.
മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റും സുരക്ഷ മുൻകരുതലുകളും ഉറപ്പാക്കണം. കന്നുകാലികൾക്കും പക്ഷികൾക്കും തണലും കുടിവെള്ളവും ലഭ്യമാക്കണമെന്നും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.