കോതമംഗലത്ത് വയോധികയെ കുത്തിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
കോതമംഗലം: കോതമംഗലത്ത് ഭർത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനി കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ 2.30-ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തില കഴിയുകയായിരുന്നു കുര്യാക്കോസ്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യം നടത്തിയ ശേഷം കുര്യാക്കോസ് തന്നെ വിവരം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് മകൻ അയൽവാസികളെയും അയൽവാസികൾ പൊലീസിനെയും വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുഞ്ഞമ്മയുടെ മൃതദേഹം. ഈ സമയം കുര്യാക്കോസ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.