‘സീറോ ഷുഗർ, ദിവസം 7,000 ചുവടുകൾ’! 62-ാം വയസ്സിലും നിത അംബാനിയെ സൂപ്പർ ഫിറ്റാക്കുന്ന രഹസ്യങ്ങൾ ഇതാ
ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയിലൂടെ ശ്രദ്ധേയയാവുകയാണ് പ്രമുഖ ബിസിനസ് വനിതയും ജീവകാരുണ്യ പ്രവർത്തകയുമായ നിത അംബാനി. 62-ാം വയസ്സിലും തന്റെ ഊർജസ്വലത നിലനിർത്തുന്നതിന് ഫിറ്റ്നസിനും പോഷകാഹാരത്തിനും കൃത്യമായ വ്യായാമങ്ങൾക്കും അവർ നൽകുന്ന മുൻഗണനയാണ് സഹായിക്കുന്നത്.
ആഴ്ചയിൽ അഞ്ചു മുതൽ ആറ് ദിവസം വരെ വിവിധ പേശി ഗ്രൂപ്പുകൾക്ക് പ്രാധാന്യം നൽകുന്ന വ്യായാമങ്ങളാണ് നിത അംബാനി പിന്തുടരുന്നത്. സ്ട്രെങ്ത് ട്രെയിനിങ്, യോഗ, നീന്തൽ, അക്വാ എക്സർസൈസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആറ് വയസ്സു മുതൽ ഭരതനാട്യം പരിശീലിക്കുന്ന അവർക്ക് ഒരു മണിക്കൂർ നൃത്തം ചെയ്യുന്നതും ഏറെ പ്രിയപ്പെട്ടതാണ്. ദിനംപ്രതി 5,000 മുതൽ 7,000 വരെ ചുവടുകൾ നടക്കാനും അവർ ശ്രദ്ധിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ മാനസികാരോഗ്യത്തിനും എൻഡോർഫിൻ ഹോർമോണുകൾ വഴി സമ്മർദ്ദം കുറയ്ക്കുന്നതിനുമാണ് ഫിറ്റ്നസിന് പ്രാധാന്യം നൽകുന്നതെന്ന് അവർ വ്യക്തമാക്കി.
വ്യായാമത്തോടൊപ്പം കൃത്യമായ ഭക്ഷണക്രമവും അവർ പിന്തുടരുന്നുണ്ട്. പൂജ്യശതമാനം പഞ്ചസാര അടങ്ങിയ, ജൈവ സസ്യാഹാരത്തിനാണ് നിത മുൻഗണന നൽകുന്നത്. പഞ്ചസാരയും അതിന് പകരമുള്ള കൃത്രിമ മധുരങ്ങളും പൂർണമായും ഒഴിവാക്കുന്ന ഇവർ, പ്രോട്ടീൻ സമ്പുഷ്ടവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്.
പ്രായത്തെ ചെറുത്തുതോൽപ്പിക്കുന്നതിനേക്കാൾ അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് നിത അംബാനിയുടെ നിലപാട്. സ്വന്തം ആരോഗ്യത്തിന് സമയം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ ഓർമ്മിപ്പിക്കുന്നു. എല്ലാവരും തങ്ങൾക്കായി സമയം മാറ്റിവെക്കണമെന്നും, ആഴ്ചയിൽ നാല് ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് സജീവമായ ജീവിതശൈലിയിലേക്ക് കടന്നുവരണമെന്നും അവർ നിർദ്ദേശിക്കുന്നു.