“പുറത്തുനിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ?”; ഇഡി റിപ്പോർട്ട് ചോദ്യങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ
ആലപ്പുഴ: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ രോഷാകുലനായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം. വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് “പുറത്തുനിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ?” എന്ന് ചോദിച്ച് അദ്ദേഹം ക്ഷുഭിതനായി കയർക്കുകയായിരുന്നു.
അതേസമയം, സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്തിൽ കൃത്യമായ നിയമപരിശോധനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മകൾ ടി. വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇഡിയുടെ കത്തിലെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വീണയുടെ ഭർത്താവായ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും ഇഡി ഉന്നയിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണ് ഇഡി സർക്കാരിന് സമർപ്പിച്ച കത്തിലുള്ളത്.