വിമാനം താഴ്ന്നു പറന്നു; പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ഓടുകൾ തകർന്നു വീണു
പെരുമ്പാവൂർ: നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന വിമാനം അസാധാരണമായി താഴ്ന്നു പറന്നതിനെത്തുടർന്ന് സ്കൂളിന്റെയും സമീപത്തെ വീടുകളുടെയും മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഓടുകളാണ് ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ തകർന്നത്.
ശക്തമായ വായുപ്രവാഹത്തിൽ ഓടുകൾ പൊട്ടി ക്ലാസ് മുറികളിലും പരിസരത്തും വീഴുകയായിരുന്നു. രാത്രിയായതിനാലും ഈ കെട്ടിടത്തിൽ പതിവായി ക്ലാസുകൾ നടക്കാത്തതിനാലും ദുരന്തം ഒഴിവായി. എന്നാൽ, ഇടവേളകളിൽ വിദ്യാർത്ഥികൾ തങ്ങാറുള്ള സ്ഥലമാണിത്. പ്രദേശത്തെ ചില വീടുകളുടെ ഓടുകൾക്കും ഇളക്കം തട്ടിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ വിമാനത്താവളത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ സമാന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയിൽ ഒക്കൽ നമ്പിള്ളി കവലയിലുള്ള മാണിക്കത്താൻ എം.വി ജോയിയുടെ വീടിന്റെ ഓടുകൾ വിമാനം താഴ്ന്നു പറന്നതിനെത്തുടർന്ന് ഇളകിപ്പോയിരുന്നു. കൂടാതെ, ജൂൺ 15-ന് അത്താണി ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂര കുലുങ്ങി ഓടുകൾ തെറിച്ച് അദ്ദേഹത്തിന് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു.