19/10/2026
[fontresizer_tawhidurrahmandear_widget]

“ഓണത്തിനിടയിൽ പുട്ടുകച്ചവടം വേണ്ട, ഷാജി വിഷയം നിങ്ങൾ ചർച്ചയാക്കുന്നുണ്ടെന്ന് കരുതി ഞങ്ങൾക്ക് വേറെ പണിയില്ലേ..?”; പി.കെ. കുഞ്ഞാലിക്കുട്ടി

 “ഓണത്തിനിടയിൽ പുട്ടുകച്ചവടം വേണ്ട, ഷാജി വിഷയം നിങ്ങൾ ചർച്ചയാക്കുന്നുണ്ടെന്ന് കരുതി ഞങ്ങൾക്ക് വേറെ പണിയില്ലേ..?”; പി.കെ. കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ വിവാദങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തിലും മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾക്ക് പിന്നാലെ പോകാൻ ലീഗിന് സമയമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കെ.എം. ഷാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “കേരളത്തിലെ കാര്യങ്ങൾ അവിടെ ചർച്ച ചെയ്യാം. ഓണത്തിന്റെ ഇടയിൽ പുട്ടുകച്ചവടം നടത്തേണ്ടതില്ല. മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്ന് കരുതി ഞങ്ങൾക്ക് വേറെ പണിയില്ലെന്നില്ലല്ലോ” എന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം വിട്ട് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ നീങ്ങിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. അധികാരം നോക്കിയാണ് ലീഗ് പോയതെന്ന ഡി.എം.കെയുടെ വിമർശനം അദ്ദേഹം തള്ളി. “തമിഴ്‌നാട്ടിൽ വലിയൊരു സാമൂഹിക പരിവർത്തനമാണ് നടക്കുന്നത്. അവിടുത്തെ ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച ട്രെൻഡ് ആണിത്. ആ ട്രെൻഡ് പാർട്ടികളെ സംബന്ധിച്ചിടത്തോളം തള്ളിക്കളയാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് ലീഗ് ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ നിലപാട് മാറ്റാൻ നിർബന്ധിതരായത്”, അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന്, മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ സ്വതന്ത്രമായി മത്സരിച്ച് വോട്ട് ഭിന്നിപ്പിക്കുന്നതിനോട് യോജിപ്പില്ല. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് വിജയമൊരുക്കുന്ന നിലപാട് ലീഗ് സ്വീകരിക്കില്ല. അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി യു.പിയിലും ബിഹാറിലും വോട്ട് ഭിന്നിപ്പിക്കുന്ന സ്ഥിതിയുണ്ട്. അതിന് ബദലായി മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കി എങ്ങനെ മത്സരിക്കാം എന്നതിനെക്കുറിച്ച് ലീഗ് ചർച്ച നടത്തും. കോൺഗ്രസ് ഏത് സഖ്യത്തിലാകും ഉണ്ടാവുകയെന്നത് അവരുടെ കാര്യമാണ്”, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ആർ.എസ്.എസുകാരുടെ പേര് എഫ്.ഐ.ആറിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ നടത്തിയ വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ആ പ്രസ്താവന എന്താണെന്ന് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also read: