‘എല്ലാം മനസ്സിലായി, റിനി ആരെയും മനഃപൂർവ്വം കുടുക്കിയതല്ല’; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് തിരുത്തി രാഹുൽ ഈശ്വർ
കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടി റിനി ആൻ ജോർജ് ഉന്നയിച്ച ആരോപണങ്ങളിലെ യാഥാർത്ഥ്യം തനിക്ക് ബോധ്യപ്പെട്ടതായി രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ റിനിയുടെ തുറന്നുപറച്ചിൽ മുൻകൂട്ടി ആസൂത്രണം ചെയ്തതോ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമോ അല്ലെന്ന് താൻ 99 ശതമാനവും വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിനിടെ തമ്മിൽ സംസാരിച്ചപ്പോഴാണ് കാര്യങ്ങളിൽ വ്യക്തത വന്നതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. മനഃപൂർവ്വം ആരെയെങ്കിലും കുടുക്കണമെന്ന ഉദ്ദേശത്തോടെയോ മറ്റാരുടെയെങ്കിലും പ്രേരണയാലോ അല്ല റിനി ആരോപണങ്ങൾ ഉന്നയിച്ചതെന്നും, ഇതിന് പിന്നിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലായിരുന്നുവെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇരുവരും റിയാലിറ്റി ഷോയിൽ ഈ വിഷയം ചർച്ച ചെയ്തത്.
സംഭാഷണത്തിനിടയിൽ, രാഹുൽ മാങ്കൂട്ടത്തിൽ തന്റെ തെറ്റുകൾ മനസ്സിലാക്കി തിരികെ വരണമെന്നും വിവാഹിതനായി നല്ലൊരു ജീവിതം നയിക്കണമെന്നും താൻ ആഗ്രഹിക്കുന്നതായി റിനി ആൻ ജോർജ് പറഞ്ഞു. തെറ്റുകൾ തിരുത്തി അദ്ദേഹം പൊതുജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും തിരിച്ചുവരണമെന്ന് രാഹുൽ ഈശ്വറും അഭിപ്രായപ്പെട്ടു. മുൻപ് കേരളത്തിലെ ഒരു പ്രമുഖ യുവനേതാവ് തന്നോട് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നത്.
അക്കാലത്ത് റിനിയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ശക്തമായി വാദിച്ചിരുന്ന വ്യക്തിയായിരുന്നു രാഹുൽ ഈശ്വർ. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഈശ്വറിനെതിരെ റിനിയും, തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റിനിക്കെതിരെ രാഹുൽ ഈശ്വറും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പഴയ ശത്രുതകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് റിയാലിറ്റി ഷോ വേദിയിൽ വെച്ച് ഇരുവരും പരസ്പരം കാര്യങ്ങൾ സംസാരിച്ച് വ്യക്തത വരുത്തിയത്.