സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; 1000 വിദ്യാർഥികൾക്ക് സൗജന്യ യു.പി.എസ്.സി പരിശീലനം നൽകുന്ന സ്കോളർഷിപ്പ് പദ്ധതി
തിരുവനന്തപുരം: സിവിൽ സർവീസ് സ്വപ്‌നം കാണുന്ന മിടുക്കരായ വിദ്യാർഥികൾക്ക് കൈത്താങ്ങായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. 1000 വിദ്യാർഥികൾക്ക് യു.പി.എസ്.സി സിവിൽ സർവീസ് കോച്ചിങ്ങിനുള്ള സൗകര്യം ഒരുക്കി നൽകാൻ തയ്യാറെടുക്കുകയാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ. പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ‘ലീഡ് ഐ.എ.എസ് അക്കാദമി’യുമായി സഹകരിച്ചാണ് ഈ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അടുത്തിടെ നടന്ന ‘ലീഡ് ഇന്ത്യ സമ്മിറ്റ് 2026’-ൽ വെച്ചാണ് രാജ്യത്തെ യുവപ്രതിഭകൾക്ക് തുണയാകുന്ന ഈ വലിയ സ്കോളർഷിപ്പ് പദ്ധതി സഞ്ജു സാംസൺ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സംരംഭത്തിലൂടെ അർഹരായ ആയിരം വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ലീഡ് ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായുള്ള പൂർണ സ്പോൺസർഷിപ്പ് നൽകും. പദ്ധതിയിൽ സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തെയും കേരളത്തിലെ മറ്റ് സമീപ പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് പ്രത്യേക മുൻഗണന നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.