20/10/2026
[fontresizer_tawhidurrahmandear_widget]

‘ജീവിതത്തിൽ ഒരു രാജാവിനെപ്പോലെ ചെയ്യുന്ന കാര്യം ഇതാണ്’; ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാന്റെ രസകരമായ മറുപടി

 ‘ജീവിതത്തിൽ ഒരു രാജാവിനെപ്പോലെ ചെയ്യുന്ന കാര്യം ഇതാണ്’; ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാന്റെ രസകരമായ മറുപടി

ബോളിവുഡിന്റെ സ്വന്തം ‘കിങ് ഖാൻ’ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ തന്റെ നിത്യജീവിതത്തിലെ ചില രസകരമായ ശീലങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം നടത്തിയ ‘ആസ്ക് എസ്.ആർ.കെ’എന്ന സെഷനിലാണ് തന്റെ ദിനചര്യകളെക്കുറിച്ച് വെളിപ്പെടുത്തിയത്.

യഥാർത്ഥ ജീവിതത്തിൽ ഒരു രാജാവിനെപ്പോലെ ചെയ്യുന്ന കാര്യം എന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാവിലെ ഉറക്കമുണർന്നാൽ ആരുമായും സംസാരിക്കുന്നതിന് മുൻപായി കിടക്കയിലിരുന്ന് തന്നെ തുടർച്ചയായി മൂന്ന് കപ്പ് കാപ്പി കുടിക്കുന്നതാണ് ആർക്കുംവേണ്ടി മാറ്റാൻ തയ്യാറല്ലാത്ത തന്റെ രാജകീയമായ ശീലമെന്ന് അദ്ദേഹം പറഞ്ഞു. ജോലിക്ക് പോകാൻ എത്ര വൈകിയാലും ഈ ദിനചര്യയിൽ താൻ ഒരു മാറ്റവും വരുത്താറില്ല. എന്നാൽ ഷൂട്ടിങ് സെറ്റുകളിൽ ഇങ്ങനെ കാപ്പികുടിച്ച് വൈകിയെത്തുമ്പോൾ മറ്റുള്ളവരിൽ നിന്നും താൻ ശകാരം കേൾക്കാറുണ്ടെന്നും, ആ സമയത്ത് തനിക്കുള്ളിലെ രാജാവെന്ന തോന്നലുകളൊന്നും ബാക്കിയുണ്ടാകാറില്ലെന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.

എല്ലാ വർഷവും പ്രായം കുറയുകയാണല്ലോ, ഇതിന് പിന്നിൽ ബ്ലാക്ക് മാജിക്കാണോ അതോ സ്കിൻ കെയർ മാജിക്കാണോ എന്ന് കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തിന് മുന്നോടിയായി ഒരു ആരാധകൻ ചോദിച്ചിരുന്നു. ‘മനസ്സ് ഇപ്പോഴും കുട്ടികളുടേത് പോലെയാണ്’ എന്നും ‘കാണുന്നവരുടെ കണ്ണുകളിലാണ് സൗന്ദര്യം’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആർ.ജെ ദേവാംഗനയ്ക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിൽ തന്റെ ഭക്ഷണ രീതികളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഉച്ചയ്ക്കും രാത്രിയിലുമായി ദിവസത്തിൽ രണ്ടുനേരം മാത്രമാണ് താൻ ഭക്ഷണം കഴിക്കാറുള്ളതെന്ന് താരം വ്യക്തമാക്കി. ആഡംബര ഭക്ഷണങ്ങളോട് താല്പര്യമില്ലാത്ത താൻ മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, ഗ്രിൽഡ് ചിക്കൻ, ബ്രൊക്കോളി, ചിലപ്പോൾ കുറച്ച് പരിപ്പ് എന്നിവയാണ് വർഷങ്ങളായി സ്ഥിരമായി കഴിക്കുന്നത്

ഭക്ഷണത്തിന്റെ കാര്യത്തിൽ തനിക്ക് പ്രത്യേക നിർബന്ധങ്ങളൊന്നുമില്ലെന്നും, സ്നേഹത്തോടെ ആരു നൽകിയാലും ബിരിയാണി ഉൾപ്പെടെയുള്ള ഏതൊരു നാടൻ ഭക്ഷണവും താൻ സന്തോഷത്തോടെ കഴിക്കാറുണ്ടെന്നും താരം പറഞ്ഞു. ഇതിനുപുറമെ മുംബൈയിലെ തന്റെ വീടായ മന്നത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ആരാധകർക്ക് പുതിയ വിവരങ്ങൾ നൽകി. തന്നെ കാണാൻ വീടിനുമുന്നിൽ തടിച്ചുകൂടുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനായി വീട്ടിൽ പുതിയൊരു ഗ്യാലറി പണിയുന്നുണ്ടെന്നും അദ്ദേഹം സെഷനിൽ വ്യക്തമാക്കി. ‘കിങ്’ ആണ് ഷാരൂഖ് ഖാന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. 2026 ഡിസംബർ 24-നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുക.

Also read: