സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ ബിബിഎ വിദ്യാർഥിക്കെതിരെ കേസ്
കൊച്ചി: സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ കോളജ് വിദ്യാർഥിക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ഹരിക്കെതിരെയാണ് നടപടി.
കോളജ് പ്രിൻസിപൽ ഇൻ-ചാർജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഡിസംബർ മുതൽ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കോളജിലെ വിവിധ പരിപാടികളുടെ ദൃശ്യങ്ങളും വിദ്യാർഥിയുടെ കൈവശമുണ്ടെന്നാണ് വിവരം.
സംഭവത്തിൽ കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുക്കാനോ ഫോൺ പിടിച്ചെടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഉടൻ തന്നെ തുടർനടപടികളിലേക്ക് കടക്കുമെന്നും തൃക്കാക്കര പൊലീസ് അറിയിച്ചു.