22/10/2026
[fontresizer_tawhidurrahmandear_widget]

‘പിണറായിക്കെതിരായ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായമില്ല’; സിപിഎം തിരുത്തലിന് തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണൻ

 ‘പിണറായിക്കെതിരായ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായമില്ല’; സിപിഎം തിരുത്തലിന് തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഎം മുൻ നേതാവും പയ്യന്നൂർ എംഎൽഎയുമായ വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടി നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നാൽ അതിൽ കൃത്യമായ വിശദീകരണം നൽകാൻ ബന്ധപ്പെട്ട നേതാക്കൾ തയ്യാറാകേണ്ടതുണ്ട്. എന്നാൽ ഇവിടെ അത്തരമൊരു വിശദീകരണം നൽകാൻ ആരും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

യഥാർത്ഥ തെറ്റ് എന്താണെന്നും അതിനുള്ള കാരണം എന്താണെന്നും കണ്ടെത്തിയാൽ മാത്രമേ പാർട്ടിക്കുള്ളിൽ കൃത്യമായ തിരുത്തലുകൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇതുവരെ അത്തരത്തിലുള്ള യാതൊരു ശ്രമങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലാത്തതിനാൽ സിപിഎം ഒരു തിരുത്തലിന് സന്നദ്ധമാകുമോ എന്ന കാര്യത്തിൽ തനിക്ക് വലിയ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് ഇ.ഡിയുടെ പതിവ് രീതിയാണ്. എന്നാൽ ഇപ്പോഴത്തെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കണമെങ്കിൽ അതിന് തക്കതായ വിശദീകരണം സർക്കാർ നൽകേണ്ടതുണ്ട്. പാർട്ടിക്കും ഇതിൽ പങ്കുണ്ടെങ്കിൽ അന്വേഷണം സ്വാഭാവികമായും പ്രസ്ഥാനത്തിനെതിരെയും വരും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള വിമർശനങ്ങളെ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമായി കാണേണ്ട ആവശ്യമില്ല. ഈ വിഷയങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കൃത്യമായി ചർച്ച ചെയ്യേണ്ടതായിരുന്നു. മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ മറ്റ് ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട ചുമതല സി.പി.എമ്മിനുണ്ട്. മുന്നണി എക്കാലത്തും ഒറ്റക്കെട്ടായി നിൽക്കണമെങ്കിൽ അതിനുള്ളിൽ വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. എന്നാൽ ഇതുവരെ മുന്നണിയിൽ ഈ വിഷയം ചർച്ച ചെയ്യാത്തതുകൊണ്ട് മറ്റ് ഘടകകക്ഷികൾ സ്വതന്ത്രമായി അവരുടെ അഭിപ്രായം പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Also read: