18/10/2026
[fontresizer_tawhidurrahmandear_widget]

’25 കിലോമീറ്റർ റോഡിന് 647 കോടിയോ? ഇത് എന്ത് കണക്ക്?’; എ.സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി പികെ ബഷീർ

 ’25 കിലോമീറ്റർ റോഡിന് 647 കോടിയോ? ഇത് എന്ത് കണക്ക്?’; എ.സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി പികെ ബഷീർ

ആലപ്പുഴ: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡ് നിർമാണത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ. വെറും 25 കിലോമീറ്റർ റോഡ് നിർമിക്കാൻ 647 കോടി രൂപ ചെലവായത് വിശ്വസനീയമല്ലെന്നും, ഇതെന്ത് കണക്കാണെന്നും മന്ത്രി ചോദിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ്-നേരേക്കടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. റോഡ് നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും പി.കെ ബഷീർ വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എ.സി റോഡ് നിർമാണത്തിനായി 647 കോടി രൂപ ചെലവിട്ടതിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് നിലവിലെ സർക്കാരിന്റെ വിലയിരുത്തൽ. എത്ര വലിയ മഴ പെയ്താലും റോഡിൽ വെള്ളം കയറില്ലെന്നും ഗതാഗതം തടസ്സപ്പെടില്ലെന്നുമുള്ള അവകാശവാദത്തോടെയാണ് കഴിഞ്ഞ സർക്കാർ ഈ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ, ഈ അവകാശവാദങ്ങൾ പൊളിച്ചുകൊണ്ട് കഴിഞ്ഞ മഴക്കാലത്ത് എ.സി റോഡിൽ വെള്ളം കയറുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതിന് പുറമെ, നിർമാണത്തിൽ ക്രമക്കേട് നടന്നതായി ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന സി.എ.ജി റിപ്പോർട്ടിലും പരാമർശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പദ്ധതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Also read: