19/10/2026
[fontresizer_tawhidurrahmandear_widget]

“റൂബിയോ തന്റെ ജോലിക്കാരനെ മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്, മോദിജീ.. നിങ്ങളുടെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്ക് എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല”; മാര്‍കോ റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

 “റൂബിയോ തന്റെ ജോലിക്കാരനെ മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്, മോദിജീ.. നിങ്ങളുടെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്ക് എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല”; മാര്‍കോ റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വരാനിരിക്കുന്ന ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രാലയത്തിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാർക്കോ റൂബിയോ അടുത്ത ആഴ്ച മുംബൈയിൽ വെച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാരിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. “റൂബിയോ തന്റെ ജോലിക്കാരനെ മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. മോദിജി, എന്താണ് നടക്കുന്നതെന്ന കാര്യത്തിൽ നിങ്ങളുടെ വിദേശകാര്യ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്. ഒന്നുകിൽ ഇതിനൊരു വിശദീകരണം നൽകാൻ നിങ്ങൾ തയ്യാറാകണം, അല്ലെങ്കിൽ ഞാൻ തന്നെ വിശദീകരിച്ച് തരാം,” രാഹുൽ ഗാന്ധി കുറിച്ചു. ഈ പരാമർശത്തോട് കേന്ദ്ര സർക്കാരോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ 17 മുതൽ 22 വരെ ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡ് സന്ദർശിച്ചതിന് ശേഷമാകും മാർക്കോ റൂബിയോ ഇന്ത്യയിലെത്തുക. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് പ്ലാന്റ് സന്ദർശിക്കുന്ന അദ്ദേഹം തുടർന്ന് മുംബൈയിലെത്തി ഇന്ത്യൻ വിദേശകാര്യ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ ആണ് ബ്ലൂംബെർഗ് ന്യൂ എക്കണോമി ഫോറത്തിൽ വെച്ച് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുംബൈയിൽ നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡൽഹിക്ക് പകരം മുംബൈയിൽ വെച്ച് ഇത്തരം ഒരു ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നതാണ് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് കാരണമായത്.

സർക്കാരിന്റെ ഈ വിഷയത്തിലുള്ള മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി. രാജ്യത്തിനകത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളുടെ വിവരങ്ങൾ ഔദ്യോഗിക വക്താവിന് പകരം അമേരിക്കൻ അംബാസഡർ പ്രഖ്യാപിക്കുന്ന രീതി എപ്പോഴാണ് ആരംഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. റൂബിയോയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഇപ്പോഴും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു. മുൻപ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവെച്ച വിവരം റൂബിയോയിൽ നിന്ന് നേരിട്ടറിഞ്ഞതുപോലെയാണ് ഇപ്പോൾ ഈ വാർത്തയും അമേരിക്കൻ അംബാസഡറിലൂടെ ഇന്ത്യക്കാർ അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: