19/10/2026
[fontresizer_tawhidurrahmandear_widget]

അസമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു: രണ്ട് ദിവസത്തിനിടെ പുറത്താക്കപ്പെട്ടത് 1100-ലധികം മുസ്‌ലിം കുടുംബങ്ങൾ; 10ഓളം പള്ളികൾ തകർത്തു

 അസമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു: രണ്ട് ദിവസത്തിനിടെ പുറത്താക്കപ്പെട്ടത് 1100-ലധികം മുസ്‌ലിം കുടുംബങ്ങൾ; 10ഓളം പള്ളികൾ തകർത്തു

ഗുവാഹത്തി: അസമിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നടപടികൾ വ്യാപകമാകുന്നു. വനഭൂമി കയ്യേറ്റമൊഴിപ്പിക്കൽ എന്ന പേരിൽ നടക്കുന്ന നടപടികളിൽ, രണ്ട് ദിവസത്തിനിടെ 1100-ലധികം ബംഗാളി മുസ്‌ലിം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. നാഗോൺ, ഗൊലാഘട്ട്, ഹോജായ് എന്നീ മൂന്ന് ജില്ലകളിലായി നടന്ന വ്യാപകമായ പൊളിച്ചുമാറ്റലുകൾക്കിടെ അൻപത് വർഷത്തിലേറെ പഴക്കമുള്ളവയുൾപ്പെടെ പത്തോളം പള്ളികളും അധികൃതർ ഇടിച്ചുനിരത്തി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും, പ്രത്യേകിച്ച് ബംഗാളി മുസ്‌ലിംകളെയും ലക്ഷ്യം വെച്ചുള്ള സർക്കാർ നീക്കത്തിന്റെ തുടർച്ചയാണിതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ഞായറാഴ്ച മാത്രം നാഗോൺ ജില്ലയിലെ ലുതുമാരി ലോങ്ജപ് റിസർവ് വനത്തിൽ നിന്ന് 600-ലേറെ മുസ്‌ലിം കുടുംബങ്ങളുടെ വീടുകളാണ് അധികൃതർ തകർത്തത്. വനഭൂമി കയ്യേറിയെന്നാരോപിച്ചായിരുന്നു നടപടി. ഇതിനുമുൻപായി ശനിയാഴ്ച മൂന്ന് ജില്ലകളിൽ നിന്നായി 547 കുടുംബങ്ങളെ കനത്ത സുരക്ഷയിൽ ഒഴിപ്പിച്ചിരുന്നു. നാഗോണിൽ 336, ഹോജായിൽ 152, ഗൊലാഘട്ടിൽ 59 എന്നിങ്ങനെയാണ് ശനിയാഴ്ച ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ കണക്കുകൾ. ലുതുമാരിയിലെ 300 ഹെക്ടറോളം വരുന്ന വനഭൂമിയിൽ പതിറ്റാണ്ടുകളായി താമസിച്ചുവരുന്നവരാണ് ഇപ്പോൾ പെരുവഴിയിലായിരിക്കുന്നത്.

അതേസമയം, തങ്ങൾ കയ്യേറ്റക്കാരാണെന്ന ഭരണകൂടത്തിന്റെ വാദം ഗ്രാമവാസികൾ പൂർണ്ണമായി തള്ളി. തങ്ങൾ വനംവകുപ്പിന് കീഴിലെ തൊഴിലാളികളായിരുന്നെന്നും, സർക്കാർ തന്നെയാണ് ഇവിടെ പാർപ്പിച്ചതെന്നും അവർ പറയുന്നു. 1974-ൽ തങ്ങളുടെ മുൻഗാമികളായ 300-ഓളം ഭൂരഹിത കുടുംബങ്ങളെ ജുരിയ ടൗണിൽ നിന്ന് സർക്കാർ ഇവിടേക്ക് മാറ്റിയതാണെന്ന് ഞായറാഴ്ച വീട് നഷ്ടപ്പെട്ട ലുതുമാരി സ്വദേശിയായ അബ്ദുൾ നൂർ വ്യക്തമാക്കി.

ബ്രിട്ടീഷ് കാലഘട്ടത്തിലെ ‘തൗങ്യ’ വനപരിപാലന മാതൃകയിൽ താമസിക്കുന്ന ഈ ജനവിഭാഗത്തെ സാധാരണ കയ്യേറ്റക്കാരായി കണക്കാക്കരുതെന്നും നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഈ വർഷം ജൂണിൽ ‘ഓൾ ഇന്ത്യ യൂനിയൻ ഓഫ് ഫോറസ്റ്റ് വർക്കിങ് പീപ്പിൾ’ അസം സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ നൽകിയ അപ്പീലുകൾ പോലും പരിഗണിക്കാതെയാണ് കുടിയൊഴിപ്പിക്കൽ നടപടികൾ സർക്കാർ വേഗത്തിൽ പൂർത്തിയാക്കിയത്. കിടപ്പാടം നഷ്ടപ്പെട്ടതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഈ കുടുംബങ്ങൾ ഇപ്പോൾ നേരിടുന്നത്.

Also read: