19/10/2026
[fontresizer_tawhidurrahmandear_widget]

30 വർഷം പഴക്കമുള്ള കൊലപാതകക്കേസില്‍ വധശിക്ഷ പാളി! രണ്ട് ഡോസ് മാരക വിഷം കുത്തിവെച്ചിട്ടും കൂർക്കം വലിച്ചുറങ്ങി കൊലക്കേസ് പ്രതി!

 30 വർഷം പഴക്കമുള്ള കൊലപാതകക്കേസില്‍ വധശിക്ഷ പാളി! രണ്ട് ഡോസ് മാരക വിഷം കുത്തിവെച്ചിട്ടും കൂർക്കം വലിച്ചുറങ്ങി കൊലക്കേസ് പ്രതി!

വാഷിങ്ടൻ: അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയ കൊലക്കേസ് പ്രതി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പതുകാരിയായ ക്രിസ്റ്റ പൈക്ക് എന്ന വനിതാ കുറ്റവാളിയാണ് രണ്ട് ഡോസ് മാരക വിഷം കുത്തിവെച്ചിട്ടും മരിക്കാതിരുന്നത്. വധശിക്ഷാ നടപടികൾക്കിടെ പ്രതി കൂർക്കം വലിക്കുന്നത് കേട്ടതോടെ അധികൃതർ നടപടികൾ നിർത്തിവെക്കുകയായിരുന്നു. ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ച അധികൃതർ ക്രിസ്റ്റ പൈക്കിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടെന്നസി സംസ്ഥാനത്തിന്റെ 200 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി എട്ടു മണിയോടെ നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ‘പെന്റോബാർബിറ്റൽ’ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകൾ ഇവർക്ക് നൽകി. എന്നാൽ 40 മിനിറ്റിലധികം സമയം പിന്നിട്ടിട്ടും ഇവർ മരിക്കുകയോ പൂർണ്ണമായി അബോധാവസ്ഥയിലാവുകയോ ചെയ്തില്ല. ഇതിനിടെ ക്രിസ്റ്റ ഉറക്കത്തിൽ കൂർക്കം വലിക്കുന്ന ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നെന്ന് ശിക്ഷാ നടപടികൾക്ക് സാക്ഷിയായവർ വെളിപ്പെടുത്തി. ഇതോടെയാണ് വധശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.

1995-ൽ നടന്ന കൊടുംക്രൂരമായ ഒരു കൊലപാതക കേസിലാണ് 1996-ൽ കോടതി ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. നോക്സ്‌വില്ലെ ജോബ് കോർപ്സ് വൊക്കേഷണൽ സെന്ററിലെ സഹപാഠിയായിരുന്ന 19-കാരി കൊളീൻ സ്ലെമ്മറെയാണ് ഇവർ കൊലപ്പെടുത്തിയത്. അന്ന് 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റ, തന്റെ 17-കാരനായ കാമുകൻ തടാരിൽ ഷിപ്പിനും മറ്റൊരു സുഹൃത്തിനുമൊപ്പം ചേർന്ന് കൊളീനെ തന്ത്രപൂർവ്വം വനപ്രദേശത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരയുടെ നെഞ്ചിൽ നക്ഷത്രചിഹ്നം (പെൻഗ്രാം) വരച്ചുവെക്കുകയും, കൊലപാതകത്തിന്റെ ഓർമ്മയ്ക്കായി തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് കൈവശം വെക്കുകയും ചെയ്ത ഈ സംഭവം അക്കാലത്ത് രാജ്യമെമ്പാടും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. തുടർന്ന് പിടിയിലായ പൈക്കും ഷിപ്പും കുറ്റം സമ്മതിക്കുകയും ഇരുവർക്കും കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്റ്റ പൈക്ക് നൽകിയ അപേക്ഷ കഴിഞ്ഞ ചൊവ്വാഴ്ച യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. കൃത്യം നടക്കുമ്പോൾ തനിക്ക് 18 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, താൻ ഒരു മാനസിക രോഗിയായിരുന്നുവെന്നും, ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കാൻ വർഷങ്ങളെടുത്തുവെന്നുമാണ് ഇവർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ കൊല്ലപ്പെട്ട സ്ലെമ്മറുടെ അമ്മ മെയ് മാർട്ടിനെസ് കഴിഞ്ഞ ശനിയാഴ്ചയും ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും.

Also read: