സിജെപിയുടെ തിരംഗ മാർച്ചിനിടെ അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; സമരം പൊളിക്കാൻ ഡൽഹി പോലീസ്; പിന്മാറാൻ തയ്യാറാവാതെ പ്രതിഷേധക്കാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ സിജെപി സംഘടിപ്പിച്ച ‘തിരംഗ മാർച്ചി’നിടെ വ്യാപക അറസ്റ്റ്. സെൻട്രൽ പാർക്കിൽ മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുൻപായി സിജെപി കൺവീനർ അഭിജിത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പുറമെ മണ്ഡി ഹൗസിന് സമീപത്തുവെച്ച് നേഹ ബോറയെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയി.
നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ദേശീയ പതാകയേന്തിക്കൊണ്ട് പ്രവർത്തകരും വിദ്യാർത്ഥികളും മാർച്ചുമായി മുന്നോട്ട് പോവുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്ക് പുറമെ, വോട്ടർ പട്ടികയിലെ മാറ്റങ്ങൾ റദ്ദാക്കുക, മുൻപ് ജന്തർമന്തറിൽ ദേശീയ പതാകയേന്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഉടൻ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സിജെപി ഈ തിരംഗ മാർച്ച് സംഘടിപ്പിച്ചത്.
മാർച്ച് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് മുൻപ് തന്നെ ദീപ്കെയുടെ വസതിയിലെത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതവഗണിച്ചാണ് പ്രവർത്തകർ മാർച്ചുമായി മുന്നോട്ടുപോകുന്നത്. പ്രതിഷേധക്കാരെ നേരിടുന്നതിനായി കൊണാട്ട് പ്ലേസിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് സി.സി.ടി.വി നിരീക്ഷണത്തിന് പുറമെ, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനായി പ്രത്യേക ബസുകളും സജ്ജമാക്കിയിട്ടുണ്ട്. ദേശീയ പതാകയേന്തി എത്തിയവരെ തടയാനും പിടിച്ചുമാറ്റാനും പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല. കൂടുതൽ സേനയെ ഇറക്കി ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കാനാണ് ഡൽഹി പൊലീസിന്റെ നിലവിലെ ശ്രമം.