28/10/2026
[fontresizer_tawhidurrahmandear_widget]

‘പേടകത്തിൽ ചോക്ലേറ്റ് പെട്ടികൾ വെച്ച് പിതാവ്’; നാടിന്റെ നോവായി മാറിയ ദിവയ്ക്ക് കണ്ണീരോടെ യാത്രാമൊഴി

 ‘പേടകത്തിൽ ചോക്ലേറ്റ് പെട്ടികൾ വെച്ച് പിതാവ്’; നാടിന്റെ നോവായി മാറിയ ദിവയ്ക്ക് കണ്ണീരോടെ യാത്രാമൊഴി

മാനന്തവാടി: അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ച ആറാം ക്ലാസുകാരി ദിവയ്ക്ക് വിതുമ്പലോടെ വിട നൽകി നാട്. ഓസ്ട്രിയയിൽ ജോലി ചെയ്തിരുന്ന പിതാവ് രാജേഷ് നാട്ടിലെത്തിയതിന് പിന്നാലെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വിദേശത്ത് നിന്നെത്തിയ അച്ഛൻ ദിവയുടെ പേടകത്തിൽ അവൾക്ക് പ്രിയപ്പെട്ട ചോക്ലേറ്റ് പെട്ടികൾ വെച്ചപ്പോൾ അതുവരെ ദുഃഖം കടിച്ചമർത്തി നിന്നവരും പൊട്ടിക്കരഞ്ഞു. നെഞ്ചുപൊട്ടുന്ന വേദനയ്ക്കിടയിലും മകൾക്കായി പള്ളിയിൽ അന്ത്യഗാനമാലപിച്ചതും പിതാവ് രാജേഷ് തന്നെയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വയനാട് മാനന്തവാടിയിൽ വെച്ച് നാടിനെ നടുക്കിയ അപകടമുണ്ടായത്. സഹോദരൻ ഡെറിക്കിന്റെ കൈപിടിച്ച് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ നിന്നുള്ള വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിൽ എത്തിച്ചു. രൂപതയിൽ നിന്നുള്ള പ്രത്യേക അനുമതി വാങ്ങി സംസ്കാര ചടങ്ങുകൾക്കൊപ്പം കുർബാനയും അർപ്പിച്ചു. വിങ്ങുന്ന മനസോടെയാണ് നാട് ആ കൊച്ചു മിടുക്കിക്ക് അവസാനമായി യാത്രാമൊഴി നൽകിയത്.

Also read: