പുതിയ ഫ്ലാറ്റിലേക്ക് ഒരുമിച്ച് താമസം തുടങ്ങിയത് രണ്ടാഴ്ച മുൻപ്; ഷോർട്ട് സർക്യൂട്ടല്ല, മനഃപൂർവമുള്ള തീവയ്പ്; മൂന്ന് മലയാളി യുവാക്കൾ മരിച്ച ദുരന്തത്തിൽ അന്വേഷണം ശക്തം
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ ബോഹുമിൽ മൂന്ന് മലയാളി യുവാക്കളുടെ മരണത്തിനിടയാക്കിയ ഫ്ലാറ്റ് തീപിടിത്തത്തിൽ അന്വേഷണം ഊർജിതമാക്കി ജർമൻ പൊലീസ്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 41-കാരനായ അയൽവാസിയെ പ്രത്യേക അന്വേഷണ സംഘമായ ‘മോർഡ്കൊമിഷൻ’ ചോദ്യം ചെയ്തുവരികയാണ്. തീവയ്പിന് പിന്നിൽ മുൻവൈരാഗ്യമോ മറ്റ് തർക്കങ്ങളോ ഉണ്ടോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളയാളുടെ പൗരത്വം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ദുരന്തത്തിൽ കൊല്ലം സ്വദേശി അഞ്ജലി എസ്. ജോയ്, ഇടുക്കി സ്വദേശി നോവ സാബു, എറണാകുളം സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്. അപകടം സാങ്കേതിക തകരാറുകൾ മൂലമല്ലെന്നും, താഴത്തെ നിലയിലെ സ്ട്രോളറുകൾക്ക് മനഃപൂർവം തീയിട്ടതാണെന്നും ഫൊറൻസിക് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, വിഷപ്പുക ശ്വസിച്ച് ആശുപത്രിയിൽ കഴിയുന്ന അഞ്ച് പേരുടെ ആരോഗ്യനിലയും സംഘം നിരീക്ഷിച്ചു വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയും നോർക്ക കൗൺസിലും മലയാളി കൂട്ടായ്മകളും ചേർന്ന് നടത്തുന്നുണ്ട്. രണ്ടാഴ്ച മുൻപ് മാത്രം ഒരുമിച്ച് താമസം തുടങ്ങിയ യുവാക്കളുടെ വേർപാടിന്റെ ഞെട്ടലിലാണ് ജർമനിയിലെ പ്രവാസി സമൂഹം.