കടലിൽ ഒഴുകിനടന്ന് ഐഫോണും പെർഫ്യൂമുകളും; ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങിയപ്പോൾ ചാകര കൊയ്ത് മത്സ്യത്തൊഴിലാളികൾ
തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ തീരത്തിന് സമീപം വൻകിട ചരക്കുകപ്പൽ മുങ്ങിയതിന് പിന്നാലെ കടലിൽ ഒഴുകിനടന്ന ഐഫോണുകളും ആഡംബര പെർഫ്യൂമുകളും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ. സിംഗപ്പൂർ പതാക വഹിച്ചുള്ള ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന കണ്ടെയ്നർ കപ്പലാണ് ഒക്ടോബർ 14-ന് അപകടത്തിൽപ്പെട്ടത്. കപ്പൽ മുങ്ങിയതോടെ അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ കടലിൽ ഒഴുകിനടക്കുകയായിരുന്നു. ഇത് ശേഖരിക്കാനായി നൂറുകണക്കിന് ആളുകളാണ് ചെറിയ വള്ളങ്ങളിലും ബോട്ടുകളിലുമായി കടലിലിറങ്ങിയത്.
പകുതി മുങ്ങിയ കണ്ടെയ്നറുകൾക്കിടയിൽ നിന്ന് ആളുകൾ പെട്ടികൾ വലിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരു ചെറിയ ബോട്ട് ഉപയോഗിച്ച് വലിയൊരു ഷിപ്പിംഗ് കണ്ടെയ്നർ തന്നെ വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതും വീഡിയോകളിൽ കാണാം. “ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് പോവുകയാണ്; ഒരു കണ്ടെയ്നർ കപ്പൽ മുങ്ങിയതായി അറിഞ്ഞു, ഐഫോണുകളും പെർഫ്യൂമുകളും ശേഖരിക്കാനാണ് ഈ യാത്ര” എന്ന് ഒരാൾ വീഡിയോയിൽ പറയുന്നതും വ്യക്തമാണ്.
അജ്ഞാതമായ പ്രൊജക്ടൈൽ വന്നിടിച്ചതിനെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടാവുകയും തുടർന്ന് മുങ്ങുകയുമായിരുന്നു എന്നാണ് സിംഗപ്പൂർ സമുദ്രഗതാഗത അതോറിറ്റി വ്യക്തമാക്കുന്നത്. എന്നാൽ, അനുമതിയില്ലാത്ത റൂട്ടിലൂടെ സഞ്ചരിച്ച കപ്പൽ കടൽ മൈനിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ അവകാശവാദം. അപകടസമയത്ത് കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളേൽക്കാതെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഏകദേശം 2,500-ലധികം കണ്ടെയ്നറുകളുമായാണ് കപ്പൽ മുങ്ങിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ പുതിയ സംഭവം.