‘പഠനച്ചെലവിന് ആരെയും ബുദ്ധിമുട്ടിക്കില്ല’; പുലർച്ചെ 4 മണിക്ക് ഉണർന്ന് ‘സൂപ്പർ ഹെൽത്തി ഫുഡു’മായി അഫ്ന; സ്വന്തം അധ്വാനത്തിൽ ബിരുദപഠനം പൂർത്തിയാക്കാൻ വേറിട്ട സംരംഭവുമായി മലപ്പുറത്തുകാരി
മലപ്പുറം: പഠനച്ചെലവിനായി മറ്റാരെയും ബുദ്ധിമുട്ടിക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ പ്രഭാതസവാരിക്കാർക്കായി സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഹെൽത്തി ഫുഡ് സ്റ്റാൾ ഒരുക്കി ശ്രദ്ധ നേടുകയാണ് മലപ്പുറത്തുകാരിയായ അഫ്ന ഷെറി. മാറാക്കര രണ്ടത്താണി വട്ടപ്പറമ്പ് അത്താണിക്കൽ സ്വദേശിയായ 21-കാരി ‘ഹോൾസം ബൗൾ’ എന്ന പേരിൽ മലപ്പുറം പുത്തൂർ ബൈപാസിനടുത്ത് ആരംഭിച്ച ചെറിയ ഭക്ഷണശാല ചുരുങ്ങിയ സമയം കൊണ്ടാണ് നാടിന്റെ പ്രിയപ്പെട്ട ഇടത്താവളമായി മാറിയത്.
ജനങ്ങളിൽ വർധിച്ചുവരുന്ന ആരോഗ്യബോധം തിരിച്ചറിഞ്ഞാണ് പരമ്പരാഗത ഭക്ഷണശീലങ്ങളിൽ നിന്ന് വേറിട്ട ആശയം അഫ്ന നടപ്പിലാക്കിയത്. അവ്ക്കാഡോ സാൻഡ്വിച്ച്, പീനട്ട് ബട്ടർ സാൻഡ്വിച്ച്, ഓട്സ്, ചിയാസീഡ് പുഡ്ഡിങ്, പ്രത്യേക തരം തണുത്ത സ്മൂത്തികൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. കൃത്രിമ നിറങ്ങളോ പഞ്ചസാരയോ ആരോഗ്യത്തിന് ഹാനികരമായ ചേരുവകളോ പൂർണമായും ഒഴിവാക്കിയാണ് ഇവ തയാറാക്കുന്നത്. മധുരത്തിനായി പ്രകൃതിദത്ത തേൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഓൺലൈൻ പരിശീലനത്തിലൂടെയാണ് അഫ്ന വിഭവങ്ങൾ തയാറാക്കാൻ പഠിച്ചെടുത്തത്.
മലപ്പുറം മുണ്ടപറമ്പ് കോളജിലെ ബി.എ സോഷ്യോളജി വിദ്യാർഥിനിയായ അഫ്ന, വീട്ടുകാർക്ക് സാമ്പത്തിക ഭാരമാകാതെ സ്വന്തം അധ്വാനത്തിലൂടെ പഠിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് സംരംഭകത്വത്തിലേക്ക് ചുവടുവെച്ചത്. പുലർച്ചെ നാലുമണിക്ക് ഉണർന്ന് വീട്ടിൽ വച്ച് വിഭവങ്ങൾ സ്വയം പാകം ചെയ്താണ് സ്റ്റാളിൽ എത്തിക്കുന്നത്. സാധാരണ ദിവസങ്ങളിൽ രാവിലെ 6.15 മുതൽ 8.15 വരെയും, ഞായറാഴ്ചകളിൽ രാവിലെ 10 മണിവരെയുമാണ് പ്രവർത്തനം.
തുടക്കത്തിൽ തന്നെ മികച്ച ഉപഭോക്തൃ പ്രതികരണമാണ് അഫ്നയ്ക്ക് ലഭിക്കുന്നത്. ആദ്യ 11 ദിവസങ്ങളിൽ അവധിയെടുക്കാതെയാണ് സ്റ്റാൾ പ്രവർത്തിപ്പിച്ചത്. ന്യായമായ വിലയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ കഴിയുന്നതിലും ആളുകൾ അത് സന്തോഷത്തോടെ സ്വീകരിക്കുന്നതിലും വലിയ തൃപ്തിയുണ്ടെന്ന് അഫ്ന പറയുന്നു. ഭർത്താവ് ജാബീറിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയോടെ, പഠനത്തോടൊപ്പം സംരംഭം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് യുവസംരംഭകയുടെ തീരുമാനം.