പുതിയ കാർ ഷോറൂമിൽ നിന്ന് പുറത്തിറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; ബൈക്കിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: കർണാടകയിലെ സാഗർ ടൗണിൽ പുതിയ കാർ ഷോറൂമിൽ നിന്ന് പുറത്തിറക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടം. മാരുതി ഷോറൂമിൽ നിന്നും പുതിയ കാറിന്റെ ഡെലിവറി ഏറ്റുവാങ്ങി പുറത്തേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ടത്. റോഡരികിലെ സുരക്ഷാ വേലി തകർത്ത് മുന്നോട്ട് കുതിച്ച കാർ, ആ വഴി കടന്നുപോവുകയായിരുന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൾക്കും ഒപ്പമുണ്ടായിരുന്ന ആൾക്കും ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടനെ പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. നടുക്കുന്ന ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഉടമ കാർ ഓടിക്കുന്നതിനിടെ എങ്ങനെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
പരിക്കേറ്റവരുടെ പേരുവിവരങ്ങളോ പ്രായമോ ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ സാഗർ പോലീസ് കേസെടുത്തിട്ടുണ്ടെന്നും, അപകടം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.