എസ്.ബി.ഐ വെബ്സൈറ്റിൽ വൻ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക് വെബിൽ; സ്ഥിരീകരിച്ച് ബാങ്ക്
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വെബ്സൈറ്റിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ വൻതോതിൽ വിവരച്ചോർച്ചയുണ്ടായെന്ന് റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്നും ഇവ ഡാർക് വെബിൽ പ്രത്യക്ഷപ്പെട്ടുവെന്നും എസ്.ബി.ഐ സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പറുകൾ, ജനന തീയതി, ഇമെയിൽ വിലാസം, വീട്ടുവിലാസം, ബ്രാൻഡ് – കസ്റ്റമർ വിവരങ്ങൾ, വായ്പാ വിവരങ്ങൾ എന്നിവയടക്കം ചോർന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലിൽ മനസിലാകുന്നതെന്ന് എസ്.ബി.ഐ അറിയിച്ചു.
സംഭവത്തിൽ സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ അന്വേഷണത്തിന് നിയോഗിച്ചുവെന്നും വിവരച്ചോർച്ചയുടെ രീതിയും വ്യാപ്തിയും പൂർണതോതിൽ വൈകാതെ മനസിലാക്കാൻ കഴിയുമെന്നും എസ്.ബി.ഐ വ്യക്തമാക്കി. അതേസമയം, വിവരച്ചോർച്ച ബാങ്കിന്റെ വാണിജ്യ പ്രവർത്തനങ്ങളെയോ പണമിടപാടുകളെയോ ബാധിക്കില്ലെന്നും ബാങ്ക് അറിയിച്ചു.
ബാങ്കുകൾ സൈബർ സെക്യൂരിറ്റി കർശനമാക്കണമെന്ന് റിസർവ് ബാങ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലെ വിവരങ്ങൾ ചോർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അതീവ ജാഗ്രത വേണമെന്നുമായിരുന്നു മുന്നറിയിപ്പിലുണ്ടായിരുന്നത്.
സൈബർ ആക്രമണത്തിന് പിന്നിലാര്?
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്.ബി.ഐയുടെ നെറ്റ്വർക്കിന് നേരെ സൈബർ ആക്രമണം ഉണ്ടായതെന്നാണ് ‘സൈബർ പൾസ്’ എന്ന എക്സ് അക്കൗണ്ട് പറയുന്നത്. സൈബർസുരക്ഷാ ഇന്റലിജൻസ് നിരീക്ഷിക്കുന്ന ഹാൻഡ്ലാണിതെന്നാണ് വിവരം. ‘സിരിയുസിം’ എന്ന ഗ്രൂപ്പാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് ഈ എക്സ് അക്കൗണ്ട് പറയുന്നു. 3,75,000 വ്യക്തിഗത ഫയലുകൾ, 2,722 പി.ഡി.എഫ് ഡോക്യുമെന്റുകൾ, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ, വായ്പാ അപേക്ഷകളും അതിനൊപ്പം സമർപ്പിക്കപ്പെട്ട രേഖകളും, അക്കൗണ്ടെടുക്കാൻ നൽകിയ അപേക്ഷകൾ, മേൽവിലാസങ്ങൾ എന്നിവയാണ് ഹാക്കർമാർ ചോർത്തിയത്. ഇത്തരത്തിൽ ചോർത്തപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്, വ്യാജ വായ്പകൾ, ആൾമാറാട്ടം എന്നിവ നടത്തിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.