19/10/2026
[fontresizer_tawhidurrahmandear_widget]

കാസർകോട് മയക്കുമരുന്ന് കേസ്: രണ്ട് നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 15 വർഷം കഠിനതടവ്

 കാസർകോട് മയക്കുമരുന്ന് കേസ്: രണ്ട് നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 15 വർഷം കഠിനതടവ്

കാസർകോട്: കാസർകോട് ഉദുമയിൽ 150 ഗ്രാം മെത്താംഫെറ്റമിൻ എന്ന മാരക മയക്കുമരുന്നുമായി പിടിയിലായ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് കാസർകോട് കോടതി 15 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കേരളത്തിൽ മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശികൾ ശിക്ഷിക്കപ്പെടുന്നത് ആദ്യമായാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കാസർകോട് ചട്ടഞ്ചാൽ സ്വദേശികളായ അബൂബക്കർ (38), ഭാര്യ ആമിന അഷ്‌റ (35), ബെംഗളൂരു സ്വദേശി വസീം അക്രം (35), നൈജീരിയൻ പൗരന്മാരായ ഉക്ക മോസസ് (41), ഹഫ്സ രിഹാനത്ത് ഉസ്മാൻ എന്ന ബ്ലെസിങ് ജോയ് (25) എന്നിവർക്കാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-ഒന്ന് ജഡ്ജി ടി.എച്ച് രജിത എൻഡിപിഎസ് ആക്ട് പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതികൾ ആറുമാസം അധിക തടവ് അനുഭവിക്കണം.

ലഹരി ഇടപാടിന് സാമ്പത്തിക സഹായം നൽകിയതിന് മൂന്നാം പ്രതിയായ വസീം അക്രത്തിന് 15 വർഷം അധിക തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും എന്നതിനാൽ ഇയാളുടെയും തടവ് 15 വർഷമായിരിക്കും. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും പ്രതികളായ അബൂബക്കറിനും ആമിനയ്ക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കേസിൽ നാലാം പ്രതിയായിരുന്ന കാറുടമ സൂരജിനെ കോടതി വെറുതെവിട്ടു. ലഹരി ഇടപാടിലോ സാമ്പത്തിക ഇടപാടുകളിലോ ഇയാൾക്ക് പങ്കില്ലെന്നും, മയക്കുമരുന്ന് കടത്തുന്ന വിവരം അറിയാതെ വസീം അക്രത്തിന്റെ ആവശ്യപ്രകാരമാണ് ഇയാൾ കാസർകോട്ടേക്ക് വന്നതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2023 ഏപ്രിൽ 21ന് ഉദുമ പള്ളത്ത് വെച്ചാണ് സൂരജിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു രജിസ്ട്രേഷനിലുള്ള കാറിൽ നിന്ന് ബേക്കൽ പോലീസ് 150 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയത്. ആദ്യത്തെ നാല് പ്രതികളും ഈ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നൈജീരിയൻ സ്വദേശികളെ ബെംഗളൂരുവിൽ നിന്നുമാണ് പിന്നീട് അറസ്റ്റ് ചെയ്തത്.

അബൂബക്കറും അഞ്ചാം പ്രതിയായ നൈജീരിയൻ സ്വദേശി ഉക്ക മോസസും തമ്മിൽ മയക്കുമരുന്നിന്റെ അളവ്, വില, പണമിടപാട് എന്നിവ സംബന്ധിച്ച് നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ പോലീസിന് ലഭിച്ചതാണ് കേസിൽ നിർണായകമായത്. ഉപഭോക്താക്കൾക്ക് പണം നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിലുണ്ടായിരുന്നു. നേരിട്ട് കാണാതെ ഇടനിലക്കാരുടെ അക്കൗണ്ടുകൾ വഴിയാണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. ലഹരിമരുന്ന് നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പ്രധാനികളായിരുന്നു ഈ നൈജീരിയൻ പൗരന്മാരെന്നും, വിദ്യാഭ്യാസ വിസയിൽ ഇന്ത്യയിലെത്തിയ ഇവർ വിസ കാലാവധി കഴിഞ്ഞിട്ടും രേഖകളില്ലാതെ രാജ്യത്ത് തുടരുകയായിരുന്നെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ലോഹിതാക്ഷൻ എടയില്ലം കോടതിയെ അറിയിച്ചു. അഡ്വ. ആതിര ബാലനും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Also read: