‘വാഹ്, ഇപ്പോൾ മുംബൈ പോലീസാണോ?’; ഇമ്രാൻ ഖാന് നാടുകടത്തൽ നോട്ടീസ് ലഭിച്ചതിൽ വിമർശനവുമായി ആമിർ ഖാൻ്റെ മുൻ ഭാര്യ കിരൺ റാവു
മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ആമിർ ഖാന്റെ മുൻ ഭാര്യയും സംവിധായികയുമായ കിരൺ റാവു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് കിരൺ റാവു പ്രതികരണമറിയിച്ചത്. “വാഹ്, ഇപ്പോൾ മുംബൈ പോലീസാണോ?” എന്നാണ് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ആമിർ ഖാന്റെ അനന്തരവൻ കൂടിയായ ഇമ്രാൻ ഖാന് വിദേശികളുടെ രജിസ്ട്രേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എഫ്.ആർ.ആർ.ഒ ആണ് നാടുകടത്തൽ നോട്ടീസ് നൽകിയത്. യു.എസ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമുള്ള വ്യക്തിയാണ് ഇമ്രാൻ ഖാൻ.
കഴിഞ്ഞ ആഴ്ച മുംബൈയിൽ സിജെപി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഈ നോട്ടീസ് ലഭിച്ചത്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇമ്രാൻ ഖാനെ പോലീസ് തടഞ്ഞുവെച്ചിരുന്നു. അദ്ദേഹത്തിന് പുറമെ പങ്കാളിയായ ലേഖ വാഷിംഗ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരുൾപ്പെടെ നാനൂറിലധികം പ്രതിഷേധക്കാരെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. അന്ന് വൈകുന്നേരത്തോടെ ഇവരെ എല്ലാവരെയും വിട്ടയക്കുകയായിരുന്നു. ഇമ്രാൻ ഖാന് ലഭിച്ച നോട്ടീസിൽ ബോളിവുഡിൽ നിന്ന് മറ്റ് പലരും അതൃപ്തി രേഖപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. നടി സാബ ആസാദ് ഈ വാർത്ത പങ്കുവെച്ചുകൊണ്ട് ഇത് തികച്ചും അസംബന്ധമാണെന്ന് ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചിരുന്നു.
അതേസമയം, തനിക്ക് ലഭിച്ച ‘ലീവ് ഇന്ത്യ’ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇമ്രാൻ ഖാൻ. ഹൈക്കോടതിയിൽ ഈ നോട്ടീസിനെ ചോദ്യം ചെയ്യുമെന്നും അടുത്ത ആഴ്ചയോടെ അപ്പീൽ നൽകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷക സംഘം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമനടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.