19/10/2026
[fontresizer_tawhidurrahmandear_widget]

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ഒപ്‌റ്റോജെനറ്റിക്‌‌സ് പഠനത്തിന്

 വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ഒപ്‌റ്റോജെനറ്റിക്‌‌സ് പഠനത്തിന്

സ്റ്റോക്ക്‌ഹോം: 2026 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. കാള്‍ ഡിസൈറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകള്‍, ഒപ്‌റ്റോജനറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക കണ്ടെത്തലുകളാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ജീവനുള്ള തലച്ചോറില്‍ നാഡീകോശങ്ങള്‍ ഓര്‍മ്മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കാന്‍ സഹായിക്കുന്ന രീതിയാണ് ഒപ്‌റ്റോജനറ്റിക്‌സ്. ഒരു ഏകകോശ ആല്‍ഗയില്‍ ചാനല്‍റോഡോപ്‌സിന്‍ എന്ന പ്രോട്ടീന്‍ പീറ്റര്‍ ഹെഗെമാനും ജോര്‍ജ് നാഗലും ചേര്‍ന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ പ്രോട്ടീനെ വെളിച്ചത്താല്‍ നിയന്ത്രിക്കാവുന്ന സ്വിച്ചാക്കി മാറ്റിയത് കാള്‍ ഡിസൈറോത്താണ്.

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെയും ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകനാണ് കാള്‍ ഡിസൈറോത്ത്. ബെര്‍ലിന്‍ ഹംബോള്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകനാണ് പീറ്റര്‍ ഹെഗെമാന്‍. ജര്‍മ്മനിയിലെ വേര്‍സ്ബര്‍ഗ് സര്‍വകലാശാലയാണ് ജോര്‍ജ് നാഗലിന്റെ പ്രവര്‍ത്തന മണ്ഡലം. നാഡീശാസ്ത്ര രംഗത്ത് ഈ കണ്ടെത്തലുകള്‍‍ വലിയൊരു പുതിയ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

Also read: