‘എഐയ്ക്കെതിരെ കലാകാരന്മാര് ഒന്നിക്കണം‘; സർഗാത്മകതയെ സംരക്ഷിക്കണമെന്ന് പോപ്പ് ലിയോ പതിനാലാമൻ
വത്തിക്കാൻ സിറ്റി: എഐയുടെ അമിതമായ കടന്നുകയറ്റത്തിൽ നിന്നും മനുഷ്യന്റെ സർഗാത്മകതയെ സംരക്ഷിക്കാൻ കലാകാരന്മാർ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് പോപ്പ് ലിയോ പതിനാലാമൻ. കഴിഞ്ഞ ദിവസം വത്തിക്കാനിൽ സാംസ്കാരിക രംഗത്തെ പ്രമുഖരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി കലാകാരന്മാരുമായുള്ള സഖ്യം ശക്തമാക്കാൻ സഭ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
‘ആയിരക്കണക്കിന് ഉത്തരങ്ങൾ നിമിഷനേരം കൊണ്ട് ലഭിക്കുന്ന സെർച്ച് എഞ്ചിൻ യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ കലയെ ഇത്തരം സെർച്ച് എഞ്ചിനുകളുമായി താരതമ്യം ചെയ്യാനാകില്ല. കല കേവലം ഉത്തരങ്ങളുടെ പട്ടികപ്പെടുത്തലല്ല, മറിച്ച് അതൊരു നിരന്തരമായ അന്വേഷണമാണ്,’ പോപ്പ് പറഞ്ഞു.
ആധുനിക സംസ്കാരം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എല്ലാം ഒരേ അച്ചിൽ വാർത്തതുപോലെ ആകുന്നുവെന്നതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആളുകൾ പ്രതീക്ഷിക്കുന്നത് മാത്രം നൽകുന്നതിന് പകരം, അവരെ ചിന്തിപ്പിക്കാനും ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കാനും കലയ്ക്ക് കഴിയണം. ഇതിലൂടെ മാത്രമേ ഇത്തരം പ്രവണതകളെ ചെറുക്കാനാകൂ. അൽഗോരിതങ്ങൾക്ക് ഒരിക്കലും മനുഷ്യനിർമിതമായ സൃഷ്ടികളുടെ ആത്മാവോ കാമ്പോ ഉൾക്കൊള്ളാനാകില്ലെന്നും, യഥാർഥ സംസ്കാരവും കലയും സംരക്ഷിക്കാൻ സഭയ്ക്ക് കലാകാരന്മാരുടെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മെയ് മാസം സ്ഥാനമേറ്റെടുത്തത് മുതൽ എഐയുമായി ബന്ധപ്പെട്ട ആശങ്കകൾ പോപ്പ് ലിയോ പതിനാലാമൻ നിരന്തരം ഉന്നയിക്കാറുണ്ട്. കഴിഞ്ഞയാഴ്ച യുനെസ്കോ ആസ്ഥാനം സന്ദർശിച്ചപ്പോഴും അദ്ദേഹം ഈ വിഷയം സംസാരിച്ചിരുന്നു. സാങ്കേതികവിദ്യ ആധിപത്യം സ്ഥാപിക്കാനും ചൂഷണം ചെയ്യാനുമുള്ള ഉപകരണമാകുന്നതിന് പകരം മനുഷ്യരാശിയെ സേവിക്കാൻ ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എഐയുമായി ബന്ധപ്പെട്ട ആശങ്കകൾ വെറും തട്ടിപ്പാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കും അദ്ദേഹം പരോക്ഷമായി മറുപടി നൽകി. എഐ ആശങ്കകൾ വ്യാജവാർത്തയല്ലെന്നും അത് വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ, എഐ ഉയർത്തുന്ന അപകടസാധ്യതകളെ കുറച്ചുകാണിച്ച എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനോടും, സാങ്കേതികവിദ്യ മനുഷ്യരാശിക്ക് ഉയർത്തുന്ന ഭീഷണികളെ നിസ്സാരവത്കരിക്കരുതെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നു.