‘ഒരു മാസത്തോളം ജപ്പാനിൽ ഭക്ഷണമില്ലാതെ കഴിഞ്ഞു; പട്ടിണി കിടന്നാലും മാംസം കഴിക്കില്ല, സ്വന്തം ശരീരത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാവില്ല’; സായി പല്ലവി
മുംബൈ: തന്റെ ജപ്പാൻ യാത്രയിലുണ്ടായ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി നടി സായി പല്ലവി. ഷൂട്ടിംഗിനായി ഒരു മാസത്തോളം ജപ്പാനിൽ കഴിഞ്ഞപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമായിരുന്നെന്ന് താരം പറഞ്ഞു. പൂർണ്ണ വെജിറ്റേറിയനായ തനിക്ക് അവിടെ അനുയോജ്യമായ ഭക്ഷണം ലഭിച്ചിരുന്നില്ല. വെജിറ്റേറിയൻ എന്ന് കരുതി നൽകിയ ഭക്ഷണത്തിൽ പോലും ചിക്കൻ ബ്രോത്ത് അടങ്ങിയിരുന്നതായി സായി പല്ലവി ഓർക്കുന്നു. “ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, മാംസാഹാരം കഴിക്കില്ലെന്ന് ഞാൻ അന്ന് തീരുമാനിച്ചു. എന്റെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊലപ്പെടുത്താൻ എനിക്ക് സാധിക്കില്ല. അതിനാൽ എവിടെപ്പോയാലും ഞാൻ എക്കാലവും ഒരു വീഗൻ ആയിരിക്കും,” സായി പല്ലവി വ്യക്തമാക്കി.
‘രാമായണം’ സിനിമയിലെ സീതയുടെ വേഷത്തിന് വേണ്ടിയല്ല താൻ വെജിറ്റേറിയനായതെന്നും, വർഷങ്ങളായി താൻ പിന്തുടരുന്ന ജീവിതശൈലിയാണിതെന്നും സായി പല്ലവി ഇതിലൂടെ അടിവരയിടുന്നു. നേരത്തെ, സിനിമകൾ ഇറങ്ങുന്ന സമയത്ത് തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കും ഗോസിപ്പുകൾക്കുമെതിരെ എക്സ് പ്ലാറ്റ്ഫോമിലൂടെ താരം ശക്തമായി പ്രതികരിച്ചിരുന്നു. അതേസമയം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ത്തിൽ ശ്രീരാമനായി എത്തുന്ന ബോളിവുഡ് താരം രൺബീർ കപൂർ, ഈ കഥാപാത്രത്തിനായി താൻ മാംസാഹാരവും മദ്യവും ഉപേക്ഷിച്ചതായി വെളിപ്പെടുത്തിയിരുന്നു. പൂർണ്ണ വെജിറ്റേറിയനായതിനൊപ്പം യോഗയും മെഡിറ്റേഷനും താൻ ശീലമാക്കിയെന്നും രൺബീർ പറഞ്ഞിരുന്നു.
ചലച്ചിത്ര ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ആദ്യ ഭാഗം 2026 നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. നവരാത്രിയുടെ ആദ്യ ദിനത്തിലാണ് അണിയറപ്രവർത്തകർ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “യേ റാം കെ യുഗ് കാ ആരംഭ് ഹൈ” എന്ന ടാഗ്ലൈനോടെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഈ ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ താരനിര അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് (മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്) റിലീസ് ചെയ്യുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോ ഡി.എൻ.ഇ.ജി, കെ.ജി.എഫ് താരം യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് രാമായണം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സോണി പിക്ചേഴ്സും, ഉത്തരേന്ത്യയിലെ തിയേറ്റർ വിതരണം ധർമ്മ പ്രൊഡക്ഷൻസുമാണ് ഏറ്റെടുത്തിരിക്കുന്നത്.