19/10/2026
[fontresizer_tawhidurrahmandear_widget]

ഗസ്സയിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകാൻ സൗദി! ഒരുങ്ങുന്നത് റിയാദ് മോഡൽ സ്‌കൂൾ

 ഗസ്സയിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകാൻ സൗദി! ഒരുങ്ങുന്നത് റിയാദ് മോഡൽ സ്‌കൂൾ

ഗസ്സ: ഗസ്സയിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ദെയർ അൽ ബലാഹിൽ ‘റിയാദ് മോഡൽ സ്‌കൂൾ’ സ്ഥാപിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. സൗദി കിങ് സൽമാൻ റിലീഫ് സെൻ്ററും സൗദി ഹെറിറ്റേജ് ആൻഡ് കൾച്ചർ സെൻ്ററും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

യുദ്ധം കാരണം വിദ്യാഭ്യാസം മുടങ്ങിയ ഗസ്സയിലെ കുട്ടികൾക്ക് സുരക്ഷിതമായ ഒരു പഠനാന്തരീക്ഷം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള 720 കുട്ടികൾക്ക് ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ടാകും. ഗസ്സയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ ക്രമീകരിക്കുക. ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.

സ്‌കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മികച്ച ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. പഠനോപകരണങ്ങളും ഫർണിച്ചറുകളും ലഭ്യമാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ശുദ്ധജലം, സോളാർ സംവിധാനം വഴി വെളിച്ചം, ഇൻ്റർനെറ്റ്, വെൻ്റിലേഷൻ എന്നിവയും ഉറപ്പാക്കും. സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകളും സ്‌കൂളിൽ സ്ഥാപിക്കും. യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള കൗൺസലിങ് നൽകും.

അതോടൊപ്പം കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പ്രത്യേക വിനോദ-വിദ്യാഭ്യാസ പരിപാടികളും ഇവിടെ സംഘടിപ്പിക്കും. അധ്യാപനം, ഓഫീസ് നിർവഹണം, സേവനം എന്നീ മേഖലകളിലായി 22 പേർക്ക് ഈ പദ്ധതിയിലൂടെ ജോലി ലഭിക്കുകയും ചെയ്യും. ദുരിതബാധിത മേഖലകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന കിങ് സൽമാൻ റിലീഫ് സെൻ്ററിന്റെ പദ്ധതികളുടെ ഭാഗമായാണ് റിയാദ് മോഡൽ സ്കൂൾ ഗസ്സയിൽ യാഥാർത്ഥ്യമാകുന്നത്.

Also read: