‘പ്രിയദർശിനി’ സൗജന്യ യാത്ര കുട്ടികൾക്ക് അന്നമായി; യാത്രാക്കൂലി മിച്ചംപിടിച്ച തുക സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിന് നൽകി മൂന്ന് അധ്യാപികമാർ
വിതുര: ജോലി കഴിഞ്ഞ് വൈകിയെത്തുന്ന തോട്ടം തൊഴിലാളികളായ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പൊന്മുടി ഗവ. യുപി സ്കൂൾ ആരംഭിച്ച സായാഹ്ന ഭക്ഷണ പദ്ധതിക്ക് കൈത്താങ്ങായി മൂന്ന് അധ്യാപികമാർ. വനിതകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ ലാഭിക്കുന്ന തുക മാറ്റിവെച്ചാണ് പി. നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നീ അധ്യാപികമാർ വിദ്യാർത്ഥികൾക്ക് കരുതലാവുന്നത്.
തോട്ടം തൊഴിലാളികളായ രക്ഷിതാക്കൾ ജോലി കഴിഞ്ഞ് വൈകി മാത്രം വീട്ടിലെത്തുന്ന സാഹചര്യമുള്ളതിനാൽ, കുട്ടികൾക്ക് കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വർഷം മുൻപ് സ്കൂളിൽ സായാഹ്ന ഭക്ഷണ പദ്ധതി ആരംഭിച്ചത്. സ്പോൺസർമാരുടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോയിരുന്നതെങ്കിലും കുട്ടികൾക്ക് മികച്ച പോഷകാഹാരം ഉറപ്പാക്കാൻ കൂടുതൽ തുക ആവശ്യമായി വന്നു. ഈ ദൗത്യമാണ് ഇപ്പോൾ അധ്യാപികമാർ ഏറ്റെടുത്തിരിക്കുന്നത്.
മലപ്പുറം മഞ്ചേരി സ്വദേശിനി നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി ജയശ്രീ, വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ശാലു പൗലോസ് എന്നിവർ പൊന്മുടിയിൽ നിന്നും 26 കിലോമീറ്റർ അകലെ വിതുരയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. സ്കൂളിലേക്കും തിരിച്ചുമുള്ള ബസ് യാത്രയ്ക്ക് ഒരാൾക്ക് ദിവസം 56 രൂപയാണ് ചെലവാക്കേണ്ടിയിരുന്നത്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മൂന്ന് പേർക്കുമായി പ്രതിദിനം ലാഭിക്കാൻ കഴിയുന്ന 168 രൂപയാണ് ഇവർ ഇപ്പോൾ വിദ്യാർത്ഥികളുടെ ഭക്ഷണ ഫണ്ടിലേക്ക് ദിവസവും നൽകുന്നത്.