ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തലിൽ അപലപിച്ച് 24 യു.എൻ വിദഗ്ധർ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുന്നതിൽ അപലപിച്ച് യു.എൻ മനുഷ്യാവകാശ വിദഗ്ധർ. വിയോജിപ്പുകളെ അടിച്ചമർത്തുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ഓഫീസിലെ 24 അംഗ വിദഗ്ധ സംഘം വ്യക്തമാക്കി. ഒക്ടോബർ 20-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് യു.എൻ പ്രതിനിധികൾ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
പ്രതിഷേധക്കാർക്കും യുവതികൾക്കുമെതിരായ അതിക്രമങ്ങൾ നിയമലംഘനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലും സംഘം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമർത്താനായി ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 ഉപയോഗിച്ചുവെന്ന ആരോപണവും പ്രസ്താവനയിൽ എടുത്തുകാണിക്കുന്നു. വിദ്യാർഥി നേതാക്കളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. പോലീസ് വേഷത്തിലെത്തിയ ഗുണ്ടകൾ പ്രതിഷേധക്കാർക്ക് നേരെ മോശം പദപ്രയോഗങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തി ബലപ്രയോഗം നടത്തുകയും ചെയ്തതായും പ്രസ്താവനയിൽ പരാമർശമുണ്ട്.
പോലീസിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും നടപടികളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ സമഗ്ര അന്വേഷണം നടത്തണമെന്ന് യു.എൻ വിദഗ്ധർ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടണം. അതിക്രമങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, പ്രതിഷേധക്കാർക്ക് നേരെയുള്ള അമിതമായ ബലപ്രയോഗം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അവർ നിർദ്ദേശിച്ചു.
യു.എന്നിലെ 16 പ്രത്യേക റിപ്പോർട്ടർമാരും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്വതന്ത്ര വിദഗ്ധരും വർക്കിങ് ഗ്രൂപ്പുകളുടെ ഭാരവാഹികളുമാണ് സർക്കാരിന്റെ നടപടികളോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജിന റൊമേറോ, മാർഗരറ്റ് സാറ്റർത്തൈറ്റ്, സെസിലിയ എം. ബെയ്ലിയറ്റ്, ഫരീദ ഷഹീദ്, ബെഥാനി മാർഗരറ്റ് കാർണി അൽഫ്രോത്ത്, ഇവാന ക്രിസ്റ്റിക്, ഹെന ലു, ഡൊറോത്തി എസ്ട്രാഡ-ടാങ്ക് തുടങ്ങി യു.എൻ നിയോഗിച്ച സ്വതന്ത്ര പ്രതിനിധികളാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.