‘ഗ്യാനേഷ് കുമാറിൻ്റെ രാജി’; പ്രതിഷേധത്തിന് അനുമതി നൽകാതെ ഡൽഹി പോലീസ്; മാർച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി പോലീസിന്റെ വിലക്ക് ലംഘിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
നിരോധനാജ്ഞ നിലനിൽക്കെ സംഘടിച്ച യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, ദേശീയ നിർവാഹക സമിതി അംഗം എം.പി. അബ്ദുൽ അസീസ്, ഹരിയാന സംസ്ഥാന ജനറൽ സെക്രട്ടറി ഉവൈസ് അഹമ്മദ് ചൗധരി, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം എന്നിവരടക്കമുള്ള നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകർ അണിനിരന്ന മാർച്ച് കേരള ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് ജന്തർ മന്തറിലേക്ക് നീങ്ങുന്നതിനിടെയാണ് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞത്. അറസ്റ്റ് തടയാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മുതിർന്ന നേതാക്കളുടെ അറസ്റ്റിനു ശേഷവും യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ്, ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് കുമൈൽ അൻസാരി, ജനറൽ സെക്രട്ടറി ആഷിഖ് ഇലാഹി എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തർ പരിസരത്ത് പ്രതിഷേധം തുടർന്നു.
പോലീസിനെ ഉപയോഗിച്ച് ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്നും ലക്ഷ്യം കാണുംവരെ സമരം തുടരുമെന്നും അഡ്വ. ഷിബു മീരാൻ വ്യക്തമാക്കി. ഇന്ത്യൻ ജനാധിപത്യത്തെ ബി.ജെ.പിക്ക് അടിയറവ് വെക്കാൻ ശ്രമിക്കുന്ന ദല്ലാളായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാറിയെന്നും, അദ്ദേഹം രാജിവെക്കും വരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.