04/08/2026
[fontresizer_tawhidurrahmandear_widget]

‘രണ്ട് ദശാബ്ദംകൊണ്ട് കോടികൾ മുടക്കി നിർമിച്ച മോദിയുടെ പ്രതിച്ഛായ രണ്ടാഴ്ചയ്ക്കുള്ളിൽ കോക്രോച്ചുകൾ തകർത്തു’; അരുന്ധതി റോയ്

 ‘രണ്ട് ദശാബ്ദംകൊണ്ട് കോടികൾ മുടക്കി നിർമിച്ച മോദിയുടെ പ്രതിച്ഛായ രണ്ടാഴ്ചയ്ക്കുള്ളിൽ കോക്രോച്ചുകൾ തകർത്തു’; അരുന്ധതി റോയ്

ന്യൂഡൽഹി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി നിർമിച്ചെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ രണ്ടാഴ്‌ചത്തെ വിദ്യാർഥി പ്രക്ഷോഭത്തിലൂടെ തകർന്നടിഞ്ഞുവെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം ഭരണകൂടത്തിന് നൽകിയത് ഏതൊരു തെരഞ്ഞെടുപ്പ് പരാജയത്തേക്കാളും വലിയ രാഷ്ട്രീയ പ്രഹരമാണെന്നും അവർ വ്യക്തമാക്കി.

ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ വെച്ച് നടന്ന തന്റെ ഓർമക്കുറിപ്പായ ‘മദർ മേരി കംസ് ടു മീ’യുടെ ഹിന്ദി വിവർത്തനമായ ‘മേരി മാ, മേരി ഗ്യാങ്സ്റ്ററി’ന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

“കോടിക്കണക്കിന് രൂപ മുടക്കിയാണ് 24 വർഷംകൊണ്ട് അദ്ദേഹത്തിന്റെ ഈ പ്രതിച്ഛായ നിർമിച്ചെടുത്തത്. ചിലർ അദ്ദേഹത്തെ വിഷ്‌ണുവിൻ്റെ അവതാരമെന്നാണ് വിളിക്കുന്നത്. എന്നാൽ ഒരു പത്രസമ്മേളനത്തിൽ പോലും സ്വന്തമായി സംസാരിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. ആ 24 വർഷത്തെ നിർമിതിയാണ് കേവലം രണ്ടാഴ്‌ചയ്ക്കുള്ളിൽ ആ ‘പാറ്റകൾ’ തകർത്തത്,” അരുന്ധതി റോയ് പറഞ്ഞു.

വർഷങ്ങൾക്കൊണ്ട് നിർമിച്ചെടുത്ത പൊയ്‌മുഖങ്ങൾ വെറും ആഴ്‌ചകൾക്കുള്ളിൽ പൊളിച്ചടുക്കാൻ കഴിയുമെന്ന് ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധം തെളിയിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത് മറ്റേത് തെരഞ്ഞെടുപ്പ് വിജയങ്ങളെക്കാളും വലിയൊരു മുന്നേറ്റമാണ്. മാറ്റങ്ങളില്ലാതെ ആയിരം വർഷം ഇതേ അവസ്ഥ തന്നെ തുടരുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ വെറും രണ്ടാഴ്ച‌കൊണ്ട് തന്നെ ആ അധികാരത്തിന്റെ വേരുകൾക്ക് ഇളക്കം തട്ടിയെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

Also read: