04/10/2026
[fontresizer_tawhidurrahmandear_widget]

‘ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം; രാജ്യത്തിന് അഭിമാനം’: ഫ്ലൈദുബൈ ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

 ‘ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം; രാജ്യത്തിന് അഭിമാനം’: ഫ്ലൈദുബൈ ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദുബൈ-തെല്‍ അവീവ് ഫ്ലൈദുബൈ വിമാനം തകര്‍ക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം ചെറുത്തുതോല്‍പ്പിച്ച് 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ‘ഹീറോ’ ആണെന്നും അദ്ദേഹത്തിന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് അദ്ദേഹം വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ക്യാപ്റ്റന്‍ മച്ചാര്‍ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൈലറ്റിന് കുത്തേറ്റിരുന്നു. പരിക്കുകള്‍ വകവെക്കാതെ കോക്പിറ്റില്‍ വെച്ച് അക്രമിയെ ചെറുത്തുതോല്‍പ്പിച്ച സ്മിത് മച്ചാര്‍, കോക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെത്തി അക്രമിയെ കീഴടക്കി.

വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കി. ഇസ്രയേലികളായ 180 യാത്രക്കാരും സുരക്ഷിതരാണ്. സൗദി അറേബ്യയില്‍ ചികിത്സയിലുള്ള മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. 13 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള സ്മിത് മച്ചാര്‍ 2022 ജൂണിലാണ് ഫ്ലൈദുബൈയില്‍ ചേര്‍ന്നത്. അതിനുമുമ്പ് 10 വര്‍ഷത്തോളം സ്പൈസ് ജെറ്റില്‍ സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Also read: