29/09/2026
[fontresizer_tawhidurrahmandear_widget]

കാർട്ടൂണിനെയും പേടി! മോദി വിമർശന കാർട്ടൂണുകൾ തിരഞ്ഞുപിടിച്ച് നീക്കി; സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം പൂട്ടിച്ച് സർക്കാർ

 കാർട്ടൂണിനെയും പേടി! മോദി വിമർശന കാർട്ടൂണുകൾ തിരഞ്ഞുപിടിച്ച് നീക്കി; സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം പൂട്ടിച്ച് സർക്കാർ

ന്യൂഡൽഹി: പ്രശസ്ത എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്ര സർക്കാരിന്റെയും നിയമപാലക ഏജൻസികളുടെയും നിയമപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാം ഉടമകളായ മെറ്റയാണ് സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയത്. അക്കൗണ്ടിന് പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാരിനെയും വിമർശിച്ചുകൊണ്ട് അദ്ദേഹം വരച്ചതും മുൻപ് പ്രസിദ്ധീകരിച്ചതുമായ നിരവധി കാർട്ടൂണുകളും ഇന്ത്യയിൽ കാണാനാവാത്ത വിധം നീക്കം ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ഐ.ടി ആക്ടിലെ ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും മുൻനിർത്തിയാണ് അക്കൗണ്ട് താത്കാലികമായി നിയന്ത്രിച്ചിരിക്കുന്നതെന്നാണ് സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നൽകിയിരിക്കുന്ന സന്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വരച്ച കാർട്ടൂണുകൾ അടക്കം ബ്ലോക്ക് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.

2023-ൽ വരച്ച കാർട്ടൂണുകൾ വരെ ഇപ്പോൾ തിരഞ്ഞുപിടിച്ച് ബ്ലോക്ക് ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സതീഷ് ആചാര്യ എക്സിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചു. പേടിയുടെ മുന്നിൽ വിജയമില്ല സാഹിബ്, 2023-ൽ പ്രസിദ്ധീകരിച്ച ചില കാർട്ടൂണുകൾ പോലും ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെടുകയാണ്, വാഹ് മോദിജീ വാഹ് എന്നാണ് #BlockSarkar എന്ന ഹാഷ്‌ടാഗോടെ സതീഷ് ആചാര്യ എക്സിൽ കുറിച്ചത്.

ഐ.ടി ആക്ട് 2000-ലെ സെക്ഷൻ 79(3)(ബി) പ്രകാരം കേന്ദ്ര സർക്കാരും നിയമ നിർവഹണ ഏജൻസികളും നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഉള്ളടക്കം നിയന്ത്രിച്ചതെന്ന് ഇൻസ്റ്റാഗ്രാം അദ്ദേഹത്തെ അറിയിച്ചു. വിമർശനാത്മകമായ കാർട്ടൂണുകൾ തടയുന്ന കേന്ദ്ര നടപടിയെ പരിഹസിച്ചുകൊണ്ട്, 2018 ഡിസംബറിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണിന്റെ ‘കോമൺ മാൻ’ കാർട്ടൂണുകളുടെ ഡിജിറ്റൈസേഷൻ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും ആചാര്യ പങ്കുവെച്ചു. കാർട്ടൂണുകൾക്ക് സൗഖ്യമാക്കാനുള്ള കഴിവുണ്ടെന്നും കാർട്ടൂണിസ്റ്റുകൾ ദൈവത്തോട് ഏറ്റവും അടുത്തവരാണെന്നുമായിരുന്നു അന്ന് മോദി പറഞ്ഞിരുന്നത്.

സതീഷ് ആചാര്യയുടെ ഉള്ളടക്കങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാർച്ച് മാസത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐ.ടി ആക്ടിലെ സെക്ഷൻ 69എ ചുമത്തി അദ്ദേഹത്തിന്റെ രണ്ട് കാർട്ടൂണുകൾ നീക്കം ചെയ്യാൻ ‘എക്സ്’ വഴി മൂന്ന് ദിവസത്തിനിടെ രണ്ട് നോട്ടീസുകളാണ് സർക്കാർ അയച്ചിരുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Also read: