‘വേളാങ്കണ്ണി പള്ളി മുരുക ക്ഷേത്രം’: അവകാശവാദവുമായി ഹിന്ദുത്വ പ്രചാരകന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി
തിരുവനന്തപുരം: പ്രശസ്ത ക്രിസ്തീയ ദേവാലയമായ വേളാങ്കണ്ണി പള്ളി യഥാർത്ഥത്തിൽ ഒരു മുരുക ക്ഷേത്രമാണെന്ന അവകാശവാദവുമായി ഹിന്ദുത്വ പ്രചാരകനായ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി. ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്ത്യ ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
വേളാങ്കണ്ണി എന്നത് വേല് എടുത്തുനില്‍ക്കുന്ന മുരുകനേയും മടിയില്‍ വെച്ചിരിക്കുന്ന പാര്‍വതിയെയുമാണ് സൂചിപ്പിക്കുന്നതെന്ന് വിദ്യാസാഗർ ഗുരുമൂർത്തി വാദിച്ചു. “വേലാം കന്നി എന്നത് വേലേന്തിയ കന്നിയാണ്. അല്ലാതെ ഏതോ നാട്ടില്‍ ജനിച്ച മേരി ഒരു കുട്ടിയേയും പിടിച്ച് നില്ക്കുന്നതല്ല. ആദ്യം ഹിന്ദുക്കള്‍ വന്ന് കൂടുന്നൊരു സ്ഥലം കണ്ടെത്തുക, എന്നിട്ടവിടെ കുരിശ് സ്ഥാപിക്കുക എന്നതാണ് അവരുടെ രീതി,” എന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ വേളാങ്കണ്ണി പള്ളിയിലേക്ക് പോയ ആരും തന്നെ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുകണക്കിന് കുരിശുകളാണ് അവിടെ സ്ഥാപിച്ചിട്ടുള്ളതെന്നും, ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക സംരക്ഷണം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എവിടെയെങ്കിലും ഒരു കുരിശ് സ്ഥാപിച്ചാൽ പിന്നെ അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും, ഇത് മുസ്ലിങ്ങളുടെ വഖഫ് ബോർഡിൻ്റെ രീതി പോലെയാണെന്നും അദ്ദേഹം വാദിച്ചു. “ബ്രിട്ടീഷുകാര്‍ ഇപ്പോഴും പോയിട്ടില്ലെന്നാണ് അവര്‍ കരുതുന്നത്. ചില ഹിന്ദുക്കളുടെ ഉള്ളിലും ഈ ബ്രിട്ടീഷുകാരുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളോട് അവർ പ്രതികരിക്കാത്തത്,” എന്നും അദ്ദേഹം വ്യക്തമാക്കി.