26/10/2026
[fontresizer_tawhidurrahmandear_widget]

ചൈനയെ നേരിടാൻ ഇന്ത്യയുടെ വമ്പൻ അണക്കെട്ട് പദ്ധതി; അരുണാചലിലെ ജെൻസി ഇതിനെതിരെ പ്രതിഷേധിക്കുന്നത് എന്തിന്?

 ചൈനയെ നേരിടാൻ ഇന്ത്യയുടെ വമ്പൻ അണക്കെട്ട് പദ്ധതി; അരുണാചലിലെ ജെൻസി ഇതിനെതിരെ പ്രതിഷേധിക്കുന്നത് എന്തിന്?

ഇറ്റാന​ഗർ: ചൈനയുടെ ബ്രഹ്മപുത്ര നദിയിലെ വമ്പൻ അണക്കെട്ട് പദ്ധതിക്ക് തടയിടാൻ ഇന്ത്യ അരുണാചൽ പ്രദേശിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന 11,200 മെഗാവാട്ട് ഡാമിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. അരുണാചൽ പ്രദേശിലെ തദ്ദേശീയരായ ആദി വിഭാഗക്കാരാണ്, പ്രത്യേകിച്ചും ജെൻസി തലമുറയും നാട്ടുകാരും പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ പൈതൃക ഭൂമിയും ഉപജീവനമാർഗവും സാംസ്കാരിക സ്വത്വവും നഷ്‌ടപ്പെടുമെന്ന ഭയമാണ് ഈ ജനകീയ പ്രതിഷേധങ്ങൾക്ക് കാരണം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനത്തെയാണ് ജനങ്ങൾ പ്രധാനമായും എതിർക്കുന്നത്. ഒക്ടോബർ 23 വെള്ളിയാഴ്ച ഈ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്കും പൊലീസ് സ്റ്റേഷനും അണക്കെട്ടിന്റെ നിർമ്മാണ ചുമതലയുള്ള എൻ.എച്ച്.പി.സി ഓഫീസിനും നേരെ ആക്രമണവും തീവെപ്പും ഉണ്ടായി.

വനിതാ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതും, പ്രതിഷേധക്കാരെ ദേശവിരുദ്ധർ എന്ന് മുദ്രകുത്തിയതുമാണ് യുവജനങ്ങളെ പ്രകോപിപ്പിച്ചത്. സംഘർഷാവസ്ഥ തുടരുന്നതിനാൽ കേന്ദ്ര സായുധ പൊലീസ് സേനയെയും, കേന്ദ്ര റിസർവ് പോലീസിന്റെ ദ്രുതകർമ്മ സേനയുടെ 250-ഓളം അംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് അരുണാചൽ പ്രദേശിലൂടെ ഒഴുകി അസമിലെത്തി ബംഗ്ലാദേശിലേക്ക് പോകുന്ന ബ്രഹ്മപുത്ര നദിയിലാണ് ഇന്ത്യ ഈ അണക്കെട്ട് വിഭാവനം ചെയ്യുന്നത്. ടിബറ്റിൽ മെഡോഗ് കൗണ്ടിയിൽ ചൈന 1.2 ട്രില്യൺ യുവാൻ ചിലവിൽ 60,000 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നുണ്ട്. പാച്ചെൻ ഭൂകമ്പ ഭ്രംശരേഖ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ചൈന നിർമ്മിക്കുന്ന അണക്കെട്ടിനെ ‘വാട്ടർ ബോംബ്’ എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

ചൈനീസ് അണക്കെട്ട് മൂലം ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുകയോ, പെട്ടെന്ന് വെള്ളം തുറന്നുവിട്ട് വെള്ളപ്പൊക്കം ഉണ്ടാകുകയോ ചെയ്യാം എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇതിനെ പ്രതിരോധിക്കാനും, നദിയിലെ ജലനിരപ്പ് നിയന്ത്രിക്കാനും ഇന്ത്യയുടെ ജലസുരക്ഷ ഉറപ്പാക്കാനുമാണ് സിയാങ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ചൈനീസ് പദ്ധതിക്ക് 5.5 ബില്യൺ ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ളപ്പോൾ, ഇന്ത്യൻ പദ്ധതിക്ക് 9.2 ബില്യൺ ക്യുബിക് മീറ്റർ സംഭരണ ശേഷിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കിയത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനും ഈ പദ്ധതി സഹായിക്കും.

എന്നാൽ, ആദി ബാനെ കെബാങ്, സിയാങ് ഇൻഡിജിനസ് ഫാർമേഴ്‌സ് ഫോറം, ഓൾ ആദി യൂത്ത് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ സർക്കാരിന്റെ ഈ വാദങ്ങളെ എതിർക്കുന്നു. 2026 നവംബർ മുതൽ 2027 ജനുവരി വരെ നടത്താനിരിക്കുന്ന സാധ്യതാ പഠനം റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. സർക്കാരിനേക്കാൾ നന്നായി നദിയെ അറിയാവുന്നത് തങ്ങൾക്കാണെന്ന് അരുണാചൽ ടൈംസിലെ മാധ്യമപ്രവർത്തകയായ ടോംഗം റിനയും അഭിപ്രായപ്പെടുന്നു. അതേസമയം, പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, വിദഗ്ധർ ഇത് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ഉപേക്ഷിക്കുമെന്നും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സുതാര്യമായ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തന്ത്രപ്രധാനമായ ജലസുരക്ഷയും, അതേസമയം നദിയെ ആശ്രയിച്ചു ജീവിക്കുന്ന തദ്ദേശീയ ജനതയുടെ അതിജീവനവും തമ്മിലുള്ള വലിയൊരു പോരാട്ടമായി സിയാങ് അണക്കെട്ട് വിവാദം മാറിയിരിക്കുകയാണ്.

Also read: