എസ്എഫ്ഐ പ്രവർത്തകൻ തകർത്ത കോടിയേരിയുടെ ചരമവാർഷിക ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്
കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം സ്ഥാപിച്ചിരുന്ന ഫ്ലക്സ് എസ്എഫ്ഐ പ്രവർത്തകൻ നശിപ്പിച്ചതിന് പിന്നാലെ, അതേ സ്ഥാനത്ത് പുതിയ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്. ഫ്ലക്സ് സ്ഥാപിച്ച ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‘കോടിയേരിക്ക് ലാൽസലാം’ വിളിച്ച് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കൊല്ലം നഗരത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്.
തിരുവനന്തപുരത്തുണ്ടായ യൂത്ത് കോൺഗ്രസ്–പോലീസ് സംഘർഷത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി ചിന്നക്കടയിലേക്ക് പ്രകടനമായെത്തിയതായിരുന്നു പ്രവർത്തകർ. പ്രകടനം കടന്നുപോകുന്നതിനിടെയാണ്, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് പ്രകടനത്തിലുണ്ടായിരുന്ന ഒരു എസ്എഫ്ഐ പ്രവർത്തകൻ യാതൊരു മടിയുമില്ലാതെ വലിച്ചുകീറി നശിപ്പിച്ചത്. സ്വന്തം പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും സമുന്നതനുമായ നേതാവിന്റെ ചിത്രം തന്നെയാണ് പ്രവർത്തകൻ നശിപ്പിച്ചതെന്ന് കണ്ടതോടെ, ഒപ്പമുണ്ടായിരുന്ന മറ്റ് എസ്എഫ്ഐ നേതാക്കൾ ഉടൻ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റുകയും ബാക്കി ഭാഗം സ്ഥലത്തുനിന്ന് എടുത്തുമാറ്റുകയുമായിരുന്നു.
എന്നാൽ, ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐ പ്രവർത്തകനല്ലെന്നാണ് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഇയാൾ എങ്ങനെ പ്രകടനത്തിന്റെ മുൻനിരയിലേക്ക് എത്തിയെന്ന് പരിശോധിക്കുമെന്നും, പ്രസ്തുത വ്യക്തിക്ക് സംഘടനയുടെ യാതൊരു ഘടകവുമായും ബന്ധമില്ലെന്നും നേതൃത്വം വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ, തകർക്കപ്പെട്ട സ്ഥലത്ത് കോടിയേരിയുടെ പുതിയ ഫ്ലക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. പാർട്ടി നോക്കാതെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനോട് കാട്ടിയ അനാദരവിനെതിരെയായിരുന്നു തങ്ങളുടെ പ്രതികരണമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകൻ ഫ്ലക്സ് തകർക്കുന്നതിന്റെയും തുടർന്ന് യൂത്ത് കോൺഗ്രസ് അത് പുനഃസ്ഥാപിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.