01/10/2026
[fontresizer_tawhidurrahmandear_widget]

ഇനി ‘ഡോക്ടർ’ ലിയോ; വിടവാങ്ങൽ മത്സരത്തിന് മുമ്പ് മെസിക്ക് പരമോന്നത അക്കാദമിക് ബഹുമതി നൽകാൻ അർജന്റീന

 ഇനി ‘ഡോക്ടർ’ ലിയോ; വിടവാങ്ങൽ മത്സരത്തിന് മുമ്പ് മെസിക്ക് പരമോന്നത അക്കാദമിക് ബഹുമതി നൽകാൻ അർജന്റീന

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ലോകത്ത് നേടാവുന്ന സകല റെക്കോർഡുകളും കിരീടങ്ങളും സ്വന്തമാക്കിയ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ പേരിനൊപ്പം ഇനി ‘ഡോക്ടർ’ പദവി കൂടി. രാജ്യത്തെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഓഫ് ബ്യൂണസ് അയേഴ്സ് തങ്ങളുടെ പരമോന്നത അക്കാദമിക് ബഹുമതിയായ ‘ഡോക്ടർ ഹോണറിസ് കോസ’ നൽകി മെസിയെ ആദരിക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ ആറിന് നടക്കുന്ന പ്രത്യേക ചടങ്ങിലാകും ഫുട്ബോൾ ഇതിഹാസത്തിന് ഈ ബഹുമതി സമ്മാനിക്കുക.

കളിക്കളത്തിലെ അസാമാന്യ കായിക മികവിനൊപ്പം മെസിയുടെ എളിമ, അചഞ്ചലമായ നിശ്ചയദാർഢ്യം, രാജ്യത്തോടുള്ള സമർപ്പണം എന്നിവ കണക്കിലെടുത്താണ് സർവകലാശാലയുടെ സുപ്പീരിയർ കൗൺസിൽ ഐകകണ്ഠ്യേന ഈ തീരുമാനമെടുത്തത്. കേവലം ട്രോഫികളുടെയോ ഗോളുകളുടെയോ കണക്കുകൾക്കപ്പുറം, മെസി അർജന്റീനിയൻ ജനപ്രിയ സംസ്കാരത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പ്രതിരൂപമാണെന്ന് യു.ബി.എ റെക്ടർ റിക്കാർഡോ ഗെൽപിയും വൈസ് റെക്ടർ എമിലിയാനോ യാക്കോബിറ്റിയും വ്യക്തമാക്കി. അദ്ദേഹത്തിന്റെ നായകത്വത്തിലാണ് അർജന്റീന 2022 ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനലിസിമ എന്നിവ സ്വന്തമാക്കിയത്.

അക്കാദമിക് ബഹുമതി ഏറ്റുവാങ്ങുന്ന അതേ ദിവസം തന്നെയാണ് മെസിതന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടത്തിനും ബൂട്ടണിയുന്നത്. ഒക്ടോബർ ആറിന് ബ്യൂണസ് അയേഴ്സിലെ ചരിത്രപ്രസിദ്ധമായ മൊനുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെ താരം അർജന്റീനയുടെ ദേശീയ കുപ്പായം അഴിക്കും. രാജ്യത്തിനായി മെസി കളിക്കുന്ന 208-ാമത് മത്സരമായിരിക്കുമിത്. ഇതിഹാസ താരത്തിന് അർഹിക്കുന്ന, ഏറ്റവും ഉചിതമായ യാത്രാമൊഴി നൽകുന്നതിന് വേണ്ടിയാണ് ബെനിനുമായുള്ള ഈ മത്സരം ക്രമീകരിച്ചിരിക്കുന്നതെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ സ്ഥിരീകരിച്ചു.

Also read: