മുഖം മറച്ച് കോൺഗ്രസിനും ബിജെപിക്കും പിന്നെ സ്വതന്ത്രയായും പത്രിക നൽകി ബിജെപി സ്ഥാനാർഥി; പിന്നാലെ മറ്റു നോമിനേഷനുകൾ പിൻവലിച്ച് ബിജെപി ടിക്കറ്റിൽ വിജയം; രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ അത്യപൂർവ്വ രാഷ്ട്രീയ നാടകം
ജയ്പൂർ: രാജസ്ഥാനിലെ ബ്രിജ് നഗർ പഞ്ചായത്ത് സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അരങ്ങേറിയത് വേഷംമാറ്റവും കൂറുമാറ്റവും നിറഞ്ഞ അത്യപൂർവ്വ രാഷ്ട്രീയ നാടകം. സാരി ധരിച്ച് കോൺഗ്രസ് നേതാവിനൊപ്പം നാമനിർദ്ദേശ പത്രിക നൽകാനെത്തിയ 28-കാരിയായ ബതി കുമാരി, മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം മാറി ബിജെപി മന്ത്രിക്കൊപ്പം തിരിച്ചെത്തി ബിജെപി സ്ഥാനാർത്ഥിയായി പത്രിക നൽകുകയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആകെ മൂന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ച ബതി കുമാരി, ഇതിൽ രണ്ടെണ്ണം പിൻവലിച്ചതോടെയാണ് മത്സരരംഗത്ത് മറ്റാരുമില്ലാതായത്. ബിജെപിയേക്കാൾ നാല് മടങ്ങ് അംഗങ്ങൾ ഉണ്ടായിരുന്നിട്ടും പ്രധാൻ സ്ഥാനം നഷ്ടമായത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി.
മുൻ കോൺഗ്രസ് എം.എൽ.എ വാജിബ് അലിക്കൊപ്പം സാരി ധരിച്ച് മുഖം മറച്ച നിലയിലാണ് ബതി കുമാരി ആദ്യം കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പിന്നീട് വസ്ത്രം മാറി, മുഖം മറയ്ക്കാതെ ബിജെപി നേതാവും മന്ത്രിയുമായ ജവഹർ സിംഗ് ബേദത്തിനൊപ്പം തിരിച്ചെത്തിയ അവർ ബിജെപി സ്ഥാനാർത്ഥിയായി മറ്റൊരു പത്രിക കൂടി നൽകി. ഇതിനിടയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൂന്നാമതൊരു പത്രികയും അവർ സമർപ്പിച്ചിരുന്നു. തുടർന്ന് കോൺഗ്രസ്, സ്വതന്ത്ര പത്രികകൾ പിൻവലിക്കുകയും ബിജെപി പത്രിക മാത്രം നിലനിർത്തുകയും ചെയ്തതോടെ ബതി കുമാരി എതിരില്ലാതെ പ്രധാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
പഞ്ചായത്ത് സമിതിയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഭരണം കൈവിട്ടുപോയത് കോൺഗ്രസ് നേതൃത്വത്തിന് വലിയ ആഘാതമായി. സമിതിയിൽ കോൺഗ്രസിന് 16 അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണുണ്ടായിരുന്നത്. ഒൻപത് അംഗങ്ങൾ സ്വതന്ത്രരായിരുന്നു. ഇത്രയധികം അംഗബലം ഉണ്ടായിരുന്നിട്ടും പ്രധാൻ സ്ഥാനം നേടാൻ കോൺഗ്രസിന് സാധിച്ചില്ല. ബതി കുമാരി ആദ്യം പത്രിക നൽകാനെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന മുൻ കോൺഗ്രസ് എം.എൽ.എ വാജിബ് അലി, പണവും ഭരണസ്വാധീനവും ഉപയോഗിച്ചാണ് ബിജെപി ഈ വിജയം നേടിയതെന്ന് ആരോപിച്ചു. സാരി ധരിച്ച് തങ്ങൾക്കൊപ്പം വന്ന സ്ഥാനാർത്ഥിയെ വസ്ത്രം മാറ്റിച്ചാണ് തിരിച്ചുകൊണ്ടുവന്നതെന്നും, ജനാധിപത്യ പ്രക്രിയയിലൂടെയല്ല മറിച്ച് വഞ്ചനയിലൂടെയാണ് ബിജെപി വിജയം സ്വന്തമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വാജിബ് അലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) അംഗത്വം രാജിവെച്ചു. നിരാശരായ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് ചോദിച്ച അദ്ദേഹം, സംഘടനാ പദവികളൊന്നും വഹിക്കാതെ ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയിൽ തുടർന്നും പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, വാജിബ് അലിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ സതീഷ് ബൻസാൽ പറഞ്ഞു. ബതി കുമാരി ബിജെപി സ്ഥാനാർത്ഥിയായി പത്രിക നൽകുകയും എതിരില്ലാതെ വിജയിക്കുകയുമാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം, ഇതൊരു വലിയ വിജയമാണെന്നും വാജിബ് അലി കൂടുതൽ സംയമനത്തോടെയുള്ള ഭാഷ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. നാമനിർദ്ദേശ പത്രിക സമർപ്പണ നടപടികളെല്ലാം നിശ്ചിത ചട്ടങ്ങൾ പാലിച്ചാണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് അധികൃതരും വ്യക്തമാക്കി. ഒരു സ്ഥാനാർത്ഥിക്ക് നാല് നാമനിർദ്ദേശ പത്രികകൾ വരെ സമർപ്പിക്കാൻ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി രാജേഷ് വർമ്മ അറിയിച്ചു.