പെട്രോളിൽ അമിതമായി എഥനോൾ കലർത്തി; ബെംഗളൂരുവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ ശേഖരത്തിനെതിരെ നപടിയുമായി കർണാടക സർക്കാർ
ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഇന്ധനത്തിൽ അനുവദനീയമായ പരിധിയിലും അധികമായി എഥനോൾ കലർത്തുന്നുവെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരും കർണാടക സർക്കാരും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ, ബെംഗളൂരുവിന് സമീപം ദേവനഗൊന്തിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ടെർമിനലിന് സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഇന്ധന അളവുകളിലെ കൃത്യതയില്ലായ്മയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് നടപടി. നവംബർ 25 തീയതി വെച്ച നോട്ടീസ് വെള്ളിയാഴ്ചയാണ് ടെർമിനലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർക്ക് കൈമാറിയത്. ക്രമക്കേടുകളിൽ ഏഴ് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി മന്ത്രി റിസ്വാൻ അർഷാദിന്റെ ഓഫീസ് അറിയിച്ചത്.
പൊതുമേഖലാ എണ്ണക്കമ്പനികൾ സംസ്ഥാനത്ത് വിൽക്കുന്ന ഇ20 പെട്രോളിൽ നിർബന്ധിത പരിധിയായ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാർ അടുത്തിടെ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗൽ മെട്രോളജി വകുപ്പ് ടെർമിനലുകളിൽ പരിശോധന നടത്തിയത്. ദേവനഗൊന്തിയിലെ ഐ.ഒ.സി.എൽ ടെർമിനലിൽ ‘മാസ്റ്റർ പ്രൂവിംഗ്’ പരിശോധനാ രീതി ഉപയോഗിച്ച് മാസ് ഫ്ലോ മീറ്ററുകൾ പരിശോധിച്ചപ്പോഴാണ് ഗുരുതരമായ അളവ് വ്യത്യാസങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ ബേ നമ്പർ 9-ലെ മീറ്ററിൽ ഓരോ 3,000 ലിറ്ററിലും 14 ലിറ്റർ എഥനോൾ അധികമായാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമായി. അതേസമയം, ഓരോ 3,000 ലിറ്ററിലും മോട്ടോർ ഗ്യാസോലിൻ (പെട്രോൾ) 4 മുതൽ 6 ലിറ്റർ വരെ കുറവായാണ് അളന്നു നൽകുന്നതെന്നും കണ്ടെത്തി. കൂടാതെ, ബേ നമ്പർ 4-ലെ മറ്റൊരു മാസ് ഫ്ലോ മീറ്ററിൽ ഓരോ 3,000 ലിറ്ററിലും 3 ലിറ്റർ എഥനോൾ അധികമായി വിതരണം ചെയ്യുന്നതായും പരിശോധനയിൽ തെളിഞ്ഞു.
ഈ വ്യത്യാസങ്ങൾ നിലവിലുള്ള ലീഗൽ മെട്രോളജി നിയമപ്രകാരവും ചട്ടങ്ങൾ പ്രകാരവും അനുവദനീയമായ പരിധിക്ക് അപ്പുറമാണെന്ന് മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അളവിലുണ്ടാകുന്ന ഇത്തരം കൃത്യതയില്ലായ്മ ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. അളവ് വ്യത്യാസങ്ങൾക്കുള്ള കാരണങ്ങൾ വ്യക്തമാക്കുന്നതിനൊപ്പം, മാസ് ഫ്ലോ മീറ്ററുകളുടെയും അനുബന്ധ ബാച്ച് കൺട്രോൾ യൂണിറ്റുകളുടെയും കൃത്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കാനും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടത്തിയ കാലിബ്രേഷന്റെയും അറ്റകുറ്റപ്പണികളുടെയും രേഖകളും ഹാജരാക്കണം. കൃത്യതയും നിയമപരമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുവരെ തകരാറുള്ള അളവുയന്ത്രങ്ങൾ യാതൊരുവിധ വാണിജ്യ ഇടപാടുകൾക്കും ഉപയോഗിക്കരുതെന്നും ലീഗൽ മെട്രോളജി വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ നവംബർ 17-ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് പുരിക്ക് അയച്ച കത്തിൽ മന്ത്രി റിസ്വാൻ അർഷാദ് അഞ്ച് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനത്തിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ എഥനോൾ അളവ് പ്രദർശിപ്പിക്കുക, ഉപഭോക്താക്കൾക്ക് നൽകുന്ന എല്ലാ ബില്ലുകളിലും എഥനോൾ ശതമാനം രേഖപ്പെടുത്തുക, കുറഞ്ഞ അളവിൽ എഥനോൾ കലർത്തിയ ഇന്ധനം തിരഞ്ഞെടുക്കാനുള്ള അവസരം വാഹനയുടമകൾക്ക് നൽകുക, സ്വതന്ത്രമായ ഇന്ധന പരിശോധനാ സംവിധാനം ഏർപ്പെടുത്തുക, E20 ഇന്ധനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക നഷ്ടപരിഹാര നിധി രൂപീകരിക്കുക എന്നിവയായിരുന്നു കത്തിലെ പ്രധാന ആവശ്യങ്ങൾ.