‘മണ്ഡല പുനർനിർണയം ഫാസിസത്തിനുള്ള പദ്ധതി, ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കും’; അരുന്ധതി റോയ്
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കം രാജ്യത്ത് ഫാസിസം നടപ്പിലാക്കാനുള്ള ദീർഘകാല പദ്ധതിയാണെന്നും അത് ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കുമെന്നും പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ന്യൂഡൽഹിയിലെ ജവഹർ ഭവനിൽ നടന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രതിപക്ഷത്തെ രണ്ട് പ്രമുഖ കക്ഷികളായ ഡി.എം.കെയും എൻ.സി.പിയും (ശരദ് പവാർ വിഭാഗം) ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്രസർക്കാരിന് മുന്നിലുണ്ടായിരുന്ന വലിയൊരു കടമ്പ നീങ്ങിയതായി വിലയിരുത്തപ്പെടുന്നതിനിടെയാണ് അരുന്ധതി റോയിയുടെ ഈ രൂക്ഷവിമർശനം.
2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള മൂന്ന് ബില്ലുകൾ പാസാക്കുന്നതിനായി നവംബർ 30 മുതൽ നാല് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം കേന്ദ്രസർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. ഓരോ സംസ്ഥാനത്തും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും ഇതിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, മണ്ഡലങ്ങളുടെയും എം.പിമാരുടെയും എണ്ണം വർദ്ധിപ്പിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അരുന്ധതി റോയ് പറഞ്ഞു. വനിതാ സംവരണ ബില്ലിന് സ്ത്രീകളുടെ അവകാശങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, ജാതി-മത-സമുദായ വിഭജനങ്ങൾ ഉറപ്പിക്കുന്ന തരത്തിൽ മണ്ഡലങ്ങളുടെ ഭൂപടം മാറ്റിവരയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
ജനാധിപത്യത്തിന്റെ അർത്ഥം തന്നെ ഇല്ലാതാക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുന്ന ‘ജനാധിപത്യ ഫാസിസമാണ്’ ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അസമിലും കശ്മീരിലും മണ്ഡലങ്ങൾ പുനർനിർണയിച്ച രീതി പഠിച്ചാൽ മതിയെന്നും, ഫാസിസത്തെ ശക്തിപ്പെടുത്താനാണ് ഇത് ചെയ്തതെന്നും അവർ ചൂണ്ടിക്കാട്ടി. ജർമ്മനിയിലെ നാസികൾ സ്വയം ‘ദേശീയ സോഷ്യലിസ്റ്റുകൾ’ എന്ന് വിളിച്ച് സോഷ്യലിസത്തിന്റെ അർത്ഥം തന്നെ ഇല്ലാതാക്കിയതുപോലെയാണ് ഇതും. സർക്കാർ സ്പോൺസർ ചെയ്യുന്ന മേളകളിൽ പങ്കെടുത്ത് സ്വയം അപമാനിതരാകുകയും ഭരണകൂടത്തിന് മുന്നിൽ തലകുനിക്കുകയും ചെയ്യുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അവർ വിമർശിച്ചു. ജാതി, വർഗ്ഗം, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം നിയമവാഴ്ച നടപ്പിലാക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും അസമത്വമുള്ള സമൂഹങ്ങളിലൊന്നിലാണ് നാം ജീവിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രയേലിൽ നിന്ന് കേന്ദ്രസർക്കാർ നിരീക്ഷണ സോഫ്റ്റ്വെയറുകൾ വാങ്ങുകയും ഇന്ത്യയിലെ പൗരന്മാർക്കും പ്രതിഷേധിക്കുന്ന യുവാക്കൾക്കുമെതിരെ നിയമവിരുദ്ധമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു. കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധങ്ങൾക്കിടെ സർക്കാർ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചതായും, ആയിരക്കണക്കിന് ‘സ്ഥിരം കുറ്റവാളികളെ’ തിരിച്ചറിഞ്ഞതായി സാധാരണ ഒരു കാര്യം പോലെ അവതരിപ്പിച്ചതായും അവർ പറഞ്ഞു. എന്നാൽ ആരെയാണ് സ്ഥിരം കുറ്റവാളികൾ എന്ന് നിർവചിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ അവിശ്വസനീയമായ അടിച്ചമർത്തലുകളാണ് ആസൂത്രണം ചെയ്യുന്നതെന്നും, ഇതിനെല്ലാം നിയമസാധുത നൽകാനും ഏകീകരിക്കാനുമുള്ള ‘ശാശ്വത ഫാസിസത്തിന്റെ’ ദീർഘകാല പദ്ധതിയാണ് മണ്ഡല പുനർനിർണയ ബില്ലെന്നും അവർ കൂട്ടിച്ചേർത്തു.
2016-ലെ നോട്ടുനിരോധനം, 2019-ലെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, 2020-ൽ നാല് മണിക്കൂർ മാത്രം സമയം നൽകി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ എന്നിവയിലൂടെ ചെയ്തതുപോലെ ഇന്ത്യൻ ജനതയെ പതിയിരുന്ന് ആക്രമിക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണ് മണ്ഡല പുനർനിർണയമെന്ന് അരുന്ധതി റോയ് പറഞ്ഞു. മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും പാസാക്കാൻ ആവശ്യമായ എം.പിമാരെ ഭീഷണിപ്പെടുത്തിയും വിലയ്ക്ക് വാങ്ങിയും ഒപ്പം നിർത്താൻ കഴിഞ്ഞുവെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ഈ ബിൽ പാർലമെന്റിൽ പാസായാൽ, നോട്ടുനിരോധനം സമ്പദ്വ്യവസ്ഥയോട് ചെയ്തത് മണ്ഡല പുനർനിർണയം ജനാധിപത്യത്തോട് ചെയ്യും.
നോട്ടുനിരോധനം ഇന്ത്യയിലെ പാവപ്പെട്ടവരുടെ നട്ടെല്ലൊടിക്കുകയും അവരെ സർക്കാരിന്റെ സൗജന്യങ്ങളെ ആശ്രയിക്കുന്നവരാക്കി മാറ്റുകയും ചെയ്തു. നോട്ടുനിരോധനവും ഇലക്ടറൽ ബോണ്ടുകളും ബി.ജെ.പിയെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റി. ജനാധിപത്യത്തിലെ നിയന്ത്രണങ്ങളും സന്തുലിതാവസ്ഥയും ഉറപ്പാക്കേണ്ട എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പണവും സ്വാധീനവും ഉപയോഗിച്ച് ബി.ജെ.പി പിടിച്ചെടുത്തതായും അവർ ആരോപിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന സമ്മേളനത്തിൽ അശോക് വാജ്പേയി, മൃദുല ഗാർഗ്, എം.കെ. റെയ്ന, മല്ലിക സാരാഭായ്, ഹുസൈൻ ഹൈദ്രി, കാസി നീൽ, നേഹ സിംഗ് റാത്തോഡ്, ഗൗഹർ റാസ, ജോയ് സെൻഗുപ്ത, എൻ.എസ്. മാധവൻ, ഗണേഷ് ദേവി, ഖാലിദ് ജാവേദ് തുടങ്ങിയ പ്രമുഖ കവികളും എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും സാംസ്കാരിക നായകരും പങ്കെടുത്തു.