പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര
തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എഐസിസി അംഗം അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതായും ഇത് ചട്ടലംഘനമാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. ഔദ്യോഗിക പ്ലാറ്റ്‌ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പ്രസംഗത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം 59 തവണ കോൺഗ്രസിനെ പരാമർശിക്കാനാണ് പ്രധാനമന്ത്രി സമയം കണ്ടെത്തിയതെന്നും ഖാർഗെ ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.