ആയത്തുല്ല അലി ഖമനഇയുടെ സംസ്‌കാര ചടങ്ങ്: ബിജെപി, കോൺഗ്രസ് അധ്യക്ഷന്മാരെ ക്ഷണിച്ച് ഇറാൻ
ന്യൂഡൽഹി: കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബി.ജെ.പി, കോൺഗ്രസ് അധ്യക്ഷന്മാർക്ക് ഇറാന്റെ ക്ഷണം. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയാണ് അടുത്ത ആഴ്‌ച നടക്കുന്ന സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മർഗരീത, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്സൈൻ എന്നിവരും ഔദ്യോഗിക പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ശിയാ സമുദായത്തിൽനിന്ന് ഭരണഘടനാ പദവിയിലെത്തിയ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ സയ്യിദ് അതാ ഹനൈനും മർഗരീതയും ജൂലൈ നാലിന് തെഹ്റാനിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സർക്കാറിനെ പ്രതിനിധാനം ചെയ്‌ത് പങ്കെടുത്തേക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നേരത്തെ, ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ക്ഷണം അയച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഇന്ത്യയുടെ ഔദ്യോഗിക പങ്കാളിത്തം സംബന്ധിച്ച അന്തിമ പ്രഖ്യാപനം കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ല.
ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. വിവിധ കാരണങ്ങളാൽ ഒന്നിലധികം തവണ തീയതികൾ മാറ്റിവെച്ച ശേഷമാണ് ഖാംനഈയുടെ സംസ്‌കാര ചടങ്ങുകളുടെ അന്തിമ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടത്. ശിയാ മുസ്‌ലിംകളുടെ പവിത്രമായ മുഹറം ദുഃഖാചരണ നാളുകളിലാണ് ചടങ്ങുകൾ നടക്കുക. ജൂലൈ ആറിന് തെഹ്റാൻ, ഏഴിന് ഖോം, ഒമ്പതിന് മശ്ഹദ് എന്നിവിടങ്ങളിൽ വിലാപയാത്രയും പൊതുദർശനവും നടക്കും. തുടർന്ന് മശ്ഹദിലെ തന്നെ ഇമാം റിദ മഖ്ബറയിലാണ് ഖാംനഈയുടെ മൃതദേഹം ഖബറടക്കുകയെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരുന്നു.